നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കുമെതിരേ പ്രസംഗിച്ചതിന് സാംസ്കാരിക പ്രവർത്തകൻ അറസ്റ്റിൽ

എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്‌ക്കുമെതിരെ മുസ്‌ലിംകൾ ഇനിയും നടപടിയെടുക്കാത്തതിൽ ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം പ്രസം​ഗിച്ചിരുന്നു.

Update: 2020-01-01 18:40 GMT

ചെന്നൈ: നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കുമെതിരേ പ്രസംഗിച്ചതിന് സാംസ്കാരിക പ്രവർത്തകൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ പെരമ്പലൂരിൽ നിന്നാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച തിരുനെൽവേലിയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതിനെത്തുടർന്നാണ് നടപടി.

സമുദായിക സംഘർഷങ്ങൾക്ക് പ്രേരിപ്പിക്കുക, സമാധാന ലംഘനം നടത്താൻ ഉദ്ദേശിച്ച് മനപൂർവ്വം അപമാനിക്കുക തുടങ്ങിയ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് നെല്ലായ് കൃഷ്ണനെതിരേ കേസെടുത്തിരിക്കുന്നത്. എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്‌ക്കുമെതിരെ മുസ്‌ലിംകൾ ഇനിയും നടപടിയെടുക്കാത്തതിൽ ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം പ്രസം​ഗിച്ചിരുന്നു.

നെല്ലായ് കൃഷ്ണനെ കസ്റ്റഡിയിലെടുക്കാൻ ചൊവ്വാഴ്ച ഒരു സംഘം പോലിസ് വീട്ടിലെത്തിയിരുന്നെങ്കിലും ഇയാൾക്ക് നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചതിനേത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. നെല്ലായ് കൃഷ്ണനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇത്തരം പരാമർശങ്ങൾ പ്രധാനമന്ത്രി മോദിയുടേയും അമിത് ഷായുടെയും ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നെല്ലായ് ജില്ലാ നേതാവ് ധയാ ശങ്കർ പോലിസിന് പരാതി നൽകിയതിനെ തുടർന്നാണ് നെല്ലായ് കൃഷ്ണനെതിരായ കേസ്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങളായ ക്രിമിനൽ പ്രേരണ, വധ ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News