സര്‍ക്കാരുകളുടെ മൗനം വിദ്വേഷ പ്രസംഗകര്‍ക്ക് ധൈര്യം നല്‍കുന്നു; പാര്‍ട്ടി, മത വ്യത്യാസമില്ലാതെ നടപടിയെടുക്കണം: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

Update: 2022-11-06 05:57 GMT

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പാര്‍ട്ടിയോ മതമോ നോക്കാതെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് രംഗത്ത്. ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ തുടരുന്ന മൗനം വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്ക് ധൈര്യം നല്‍കുകയാണെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് സലിം എന്‍ജിനീയര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ ഭാവിക്ക് വേണ്ടിയും വേഗത്തിലുള്ള രാഷ്ട്രീയ വളര്‍ച്ചയ്ക്കും വേണ്ടി വിദ്വേഷ പ്രസംഗം അജണ്ടയായി പലരും ഉപയോഗിക്കുകയാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ ഗൗരവമായി ഇടപെടണം.

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ സര്‍ക്കാരുകള്‍ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് സുപ്രിംകോടതി ഊന്നിപ്പറഞ്ഞതാണ്. സുപ്രിംകോടതിക്ക് ഊന്നല്‍ നല്‍കാനോ ചൂണ്ടിക്കാണിക്കാനോ മാത്രമേ കഴിയൂ. എന്നാല്‍, വിദ്വേഷ പ്രസംഗങ്ങളോടും അവ നടത്തുന്നവരോടുമുള്ള സര്‍ക്കാരുകളുടെ മനോഭാവം വളരെ നിരാശാജനകമാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ജനങ്ങള്‍, ജനപ്രതിനിധികളായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ പരസ്യമായി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇവര്‍ വിദ്വേഷം പടര്‍ത്തുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്നു- ആരെയും പേരെടുത്തു പറയാതെ സലിം എന്‍ജിനീയര്‍ കുറ്റപ്പെടുത്തി.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന പരിപാടിയില്‍ ഒരു സമുദായത്തെ പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാവും പശ്ചിമ ഡല്‍ഹി എംപിയുമായ പര്‍വേഷ് വര്‍മ ആഹ്വാനം ചെയ്തത് അടുത്തിടെ വിവാദമായിരുന്നു. എന്നാല്‍, ബഹിഷ്‌കരിക്കേണ്ട സമുദായത്തിന്റെ പേര് പരസ്യമായി പറഞ്ഞിരുന്നില്ല. ബിജെപി എംഎല്‍എമാരും നിരവധി മതനേതാക്കളും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 'മതത്തിന്റെ പേരില്‍ നമ്മള്‍ എവിടെ എത്തി, മതത്തെ നാം എന്തിലേക്ക് ചുരുക്കി എന്നത് ദുരന്തമാണ്' എന്ന് ഒക്‌ടോബര്‍ അവസാനം സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു.

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവരെ ശക്തമായി നേരിടാന്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടന ഒരു മതേതര രാഷ്ട്രമാണ് വിഭാവനം ചെയ്യുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പരാതിപ്പെടാന്‍ കാത്തുനില്‍ക്കാതെ കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍, വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരുകളുടെ നടപടികള്‍ നിരാശാജനകമാണെന്ന് സലിം എന്‍ജിനീയര്‍ ആരോപിച്ചു.

പകരം സര്‍ക്കാരുകളുടെ മൗനം അത്തരം ആളുകള്‍ക്ക് ധൈര്യം പകരുന്നതായാണ് മനസ്സിലാവുന്നത്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ രാഷ്ട്രീയ നേട്ടം മാത്രമാണ് പ്രതീക്ഷിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളില്‍ മുഴുകിയ അത്തരം ആളുകളുടെ രാഷ്ട്രീയ വളര്‍ച്ച വേഗത്തിലായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ക്രമസമാധാനപാലനമാണ് സര്‍ക്കാരുകളുടെ ജോലി. അത്തരക്കാര്‍ക്കെതിരേ പാര്‍ട്ടിയോ മതമോ പരിഗണിക്കാതെ നടപടിയെടുക്കുന്ന കാര്യം ഗൗരവമായി കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഭ്യര്‍ഥിച്ചു.

Tags: