അഭിഭാഷകനെ മര്‍ദിച്ചെന്ന് ആരോപണം: കൊല്ലത്ത് നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2022-09-21 18:24 GMT

കൊല്ലം: അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസ്എച്ച്ഒ ജി ഗോപകുമാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ അലോഷ്യസ് അലക്‌സാണ്ടര്‍, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്ത് എ.ഡി.ജി.പി വിജയ് സാഖറെയാണ് ഉത്തരവിറക്കിയത്. സംഭവം ദക്ഷിണ മേഖല ഡിഐജി അന്വേഷിക്കും. പോലിസിലെ എതിര്‍പ്പ് മറികടന്നാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്‌പെന്‍ഷന്‍ അപലപനീയമാണെന്നും പിന്‍വലിക്കണമെന്നും ഐപിഎസ് അസോസിയേഷന്‍ പറഞ്ഞു.

കൊല്ലം ജില്ലാകോടതിയില്‍ സെപ്തംബര്‍ ആദ്യത്തില്‍ അഭിഭാഷകരും പോലിസും തമ്മില്‍ കൈയാങ്കളിയുണ്ടായിരുന്നു. കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ മര്‍ദിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകര്‍ പോലിസുകാരെ തടയുകയായിരുന്നു. കൈയാങ്കളിക്കിടെ ഒരു പോലിസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അഭിഭാഷകര്‍ പോലിസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. ആഗസ്ത് ഏഴിനുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കരുനാഗപ്പള്ളിയിലുള്ള അഡ്വ. എസ്. ജയകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ മര്‍ദിച്ചതായി ആരോപണമുയരുകയും പോലിസിനെതിരെ അഭിഭാഷകന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Tags:    

Similar News