മരടിലെ ഫ്ളാറ്റ് : നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തു; വൈദ്യുതി ബന്ധം നാളെ വിച്ഛേദിക്കുമെന്ന് കെഎസ് ഇ ബി

വിശ്വാസ വഞ്ചന കുറ്റത്തിനാണ് മരട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ചട്ടം 406, 420 എന്നിവ പ്രകാരമാണ് കേസ് എടുത്തത്. അതേ സമയം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിശ്ചേദിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കെഎസ് ഇ ബി ഫ്‌ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചു.

Update: 2019-09-25 14:51 GMT

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി നിര്‍ദേശിച്ച് മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിശ്വാസ വഞ്ചന കുറ്റത്തിനാണ് മരട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ചട്ടം 406, 420 എന്നിവ പ്രകാരമാണ് കേസ് എടുത്തത്. ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ താമസക്കാരനായ തൃശൂള്‍ പറയന്‍ കടവ് സ്വദേശി ടോണി (58)യുടെ പരാതി പ്രകാരമാണ് ഹോളിഫെയ്ത്ത് കണ്‍സ്ട്രക്ഷന്‍ ഉടമയക്കെതിരെ കേസെടുത്തത്.

വസ്തുതകള്‍ മറച്ചു വെച്ച് 2010ല്‍ എച്ച്ടുഒയിലെ ഫ്‌ളാറ്റ് തനിക്ക് കൈമാറിയതായും ഇതിനായി പല ഗഡുക്കളായി 75 ലക്ഷം രൂപ നിര്‍മ്മാതാക്കള്‍ കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചതായി മരട് പോലിസ് പറഞ്ഞു.അതേ സമയം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കെഎസ് ഇ ബി ഫ്‌ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചു.കെട്ടിടത്തില്‍ പൊതുവായ ആവശ്യത്തിന് നല്‍കിയിരിക്കുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ ഈ മാസം 27 നകം വിച്ഛേദിക്കണമെന്ന് മരട്് നഗരസഭ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വൈദ്യുതി കണക്ഷന്‍ ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 ചട്ട പ്രകാരം നാളെ വിച്ഛേദിക്കുമെന്നും വൈദ്യുതി വകുപ്പ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News