ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: പി കെ ശ്യാമളയ്‌ക്കെതിരേ തെളിവില്ലെന്ന് അന്വേഷണസംഘം

അതിനിടെ, സാജന്റെ ആത്മഹത്യയില്‍ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള എം കെ ഗിരീഷാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് നാളെ പരിഗണിക്കും.

Update: 2019-06-25 09:05 GMT

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിയതില്‍ മനംനോന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്‌ക്കെതിരേ കേസെടുക്കാന്‍ തെളിവില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഉദ്യോഗസ്ഥ വീഴ്ച ഉറപ്പിക്കുമ്പോഴും ചെയര്‍പേഴ്‌സണ്‍ നേരിട്ട് തടസ്സം സൃഷ്ടിച്ചെന്ന വാദത്തിനു ബലമേകുന്ന യാതൊരു തെളിവും ഇതുവരെ ലഭിച്ചില്ലെന്നാണ് പോലിസ് നല്‍കുന്ന സൂചന. മരണപ്പെട്ട സാജന്റെ ഡയറി കഴിഞ്ഞ ദിവസം അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍ പി കെ ശ്യാമളയുടെ പേരോ സൂചനയോ ഉണ്ടായിരുന്നില്ല. മാത്രമല്ല, സാജന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലും ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തുന്നത്. നഗരസഭാ അധികൃതരെ കുറിച്ചു കാര്യമായ പരാമര്‍ശങ്ങളൊന്നും അതിലുമില്ല. തന്നെ സഹായിച്ചവരെന്ന പേരില്‍ പി ജയരാജന്‍, സിപിഎം നേതാവ് അശോകന്‍, ജെയിംസ് മാത്യു എംഎല്‍എ, കെ സുധാകരന്‍ എന്നിവരുടെ പേരുകള്‍ സാജന്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ചില വികസന വിരോധികളാണ് നായനാരുടെ നാട്ടില്‍ എന്റെ സ്വപ്‌നപദ്ധതി തകര്‍ത്തതെന്നു ഡയറിയില്‍ കുറിച്ചെങ്കിലും ആരെ കുറിച്ചാണെന്ന സൂചനയൊന്നുമില്ല. ഡിവൈഎസ്പി എ വി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസന്വേഷിക്കുന്നത്. നേരത്തെ, അന്വേഷണ സംഘത്തെ തള്ളിയ പ്രതിപക്ഷം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെങ്കിലും കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

    സാജന്റെ ഡയറിക്കു പുറമെ, കഴിഞ്ഞ ദിവസം ആന്തൂര്‍ നഗരസഭാ ഓഫിസിലും സംഘം പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഏതായാലും കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്യാമളയ്‌ക്കെതിരേ സാജന്റെ ഭാര്യയും കുടുംബാഗങ്ങളും രംഗത്തെത്തുകയും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. അതിനിടെ, സാജന്റെ ആത്മഹത്യയില്‍ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള എം കെ ഗിരീഷാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് നാളെ പരിഗണിക്കും.




Tags:    

Similar News