സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ശ്രമം

കെഎസ്ആര്‍ടിസി എംപാനല്‍ഡ് ജീവനക്കാരിയും ആലപ്പുഴ സ്വദേശിയുമായ യുവതിയാണ് സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തിനു മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Update: 2019-02-19 03:19 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. കെഎസ്ആര്‍ടിസി എംപാനല്‍ഡ് ജീവനക്കാരിയും ആലപ്പുഴ സ്വദേശിയുമായ ദിനിയയാണ്‌ സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തിനു മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തി യുവതിയെ പണിപ്പെട്ട് താഴെയിറക്കി. മരത്തിന്റെ ചില്ലയില്‍ കറി നിന്ന് കഴുത്തില്‍ കയറുകെട്ടി താഴേക്കു ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദിനിയയെ ആശുപത്രിയിലേക്കു മാറ്റി.

രണ്ടുകുട്ടികളുടെ മാതാവായ യുവതിക്ക് ഭര്‍ത്താവില്ല. കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജോലി കൂടി നഷ്ടപ്പെട്ടതോടെ ദിനിയയുടെ ജീവിതം വഴിമുട്ടിയിരുന്നു.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെ നഗരസഭാ അധികൃതര്‍ സെക്രട്ടറിയേറ്റിനു മുന്നിലെ നിരവധി സമരപ്പന്തലുകള്‍ പൊളിച്ചുനീക്കിയത്.

അരിപ്പ ഭൂ സമരക്കാരുടെ പന്തല്‍ സ്ത്രീകള്‍ അടക്കം ഉറങ്ങി കിടക്കുമ്പോളായിരുന്നു പൊളിച്ചു നീക്കിയത്. കട്ടിലുകളടക്കം പുറത്തേക്ക് വലിച്ചിട്ടു. സ്ത്രീകളടക്കം കരഞ്ഞുകൊണ്ട് അപേക്ഷിച്ചിട്ടും പോലിസ് പിന്‍മാറാന്‍ തയ്യാറായില്ല.

Tags: