ചോദ്യങ്ങള്‍ മലയാളത്തിലും നല്‍കാന്‍ പിഎസ്‌സിയെ സഹായിക്കുന്നതിന് ഉപസമിതി

ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുമുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി സമര്‍പ്പിക്കും.

Update: 2019-10-09 14:44 GMT

കോഴിക്കോട്: തൊഴില്‍ പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും നല്‍കാന്‍ പി.എസ്.സിയെ സഹായിക്കുന്നതിന് സര്‍വകലാശാലകളുടെയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പ്രതിനിധികളുളള ഉപസമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗം തീരുമാനിച്ചു.

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ മലയാളം, സംസ്‌കൃതം സര്‍വകലാശാലകളുടെയും കേരള, മഹാത്മാ ഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ ഉണ്ടാകും. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുമുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി സമര്‍പ്പിക്കും.

യോഗത്തില്‍ പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഫ. കാര്‍ത്തികേയന്‍ നായര്‍, ഡോ. വി പി മഹാദേവന്‍ പിള്ള (കേരള), ഡോ. കെ സി സണ്ണി (നിയമ സര്‍വകലാശാല), ഡോ. രാജ(എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല), ഡോ. റിജി ജോണ്‍ (ഫിഷറീസ് സര്‍വകലാശാല), ഡോ. ഗോപിനാഥ് രവീന്ദ്രന്‍ (കണ്ണൂര്‍), ഡോ. മുഹമ്മദ് ബഷീര്‍ (കോഴിക്കോട്), പ്രഫ. സാബു തോമസ് (മഹാത്മാ ഗാന്ധി), ഡോ. പി ജി ശങ്കരന്‍ (കുസാറ്റ്), ഡോ. എ നളിനാക്ഷന്‍ (ആരോഗ്യ സര്‍വകലാശാല), ഡോ. ആര്‍ ചന്ദ്രബാബു (കാര്‍ഷിക സര്‍വകലാശാല), ഡോ. ധര്‍മ്മരാജ് അടാട്ട് (സംസ്‌കൃതം), ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യം തയ്യാറാക്കാന്‍ കഴിയുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ സര്‍വകലാശാലകള്‍ പിഎസ്‌സിയെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലീഷില്‍ ചോദ്യം തയ്യാറാക്കുന്ന അധ്യാപകര്‍ തന്നെ അത് പരിഭാഷപ്പെടുത്തി നല്‍കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം. പ്ലസ്ടു തലത്തില്‍ ഇപ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ എസ്‌സിഇആര്‍ടി മലയാളത്തിലാക്കിയിട്ടുണ്ട്. അതിനുള്ള സാങ്കേതികപദ നിഘണ്ടുവും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് സഹായത്തിന് ഇത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സവിശേഷ സാങ്കേതിക പരീക്ഷകള്‍ക്കുള്ള വിജ്ഞാനപദകോശം നിര്‍മിക്കുന്നതിനും സര്‍വകലാശാലാ തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകണം. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അനേകം വിജ്ഞാനപദ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ശാഖകളിലുള്ള നിഘണ്ടുക്കള്‍ ഈ വിധത്തില്‍ വാള്യങ്ങളായി പുറത്തിറക്കാനാകണം.

സര്‍വകലാശാലാ ബിരുദം യോഗ്യതയായിട്ടുള്ള പരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രയാസമില്ല എന്ന അഭിപ്രായമാണ് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും പൊതുവെ വൈസ്ചാന്‍സലര്‍മാരും പ്രകടിപ്പിച്ചത്. ഇതിനാവശ്യമായ സഹായം ലഭ്യമാക്കാമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഉറപ്പ് നല്‍കി.

Tags:    

Similar News