നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് ഒളിവില്‍; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട്

വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ പത്മരാജന്‍ ബിജെപി പ്രാദേശിക നേതാവും സംഘപരിവാര്‍ അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമാണ്.

Update: 2020-03-20 06:44 GMT
കൂത്തുപറമ്പ്: പാനൂരിനടുത്തുള്ള ഒരു എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിജെപി നേതാവ് ഒളിവിലാണെന്ന് പോലിസ്. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കൂടിയായ പത്മരാജനെതിരെയാണ് പോലിസ് കേസെടുത്തത്. അധ്യാപകന്‍ ഒളിവിലാണന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലിസ് പറഞ്ഞു.

പാനൂരിനടുത്തുളള ഒരു എയ്ഡഡ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ജനുവരി 15നാണ് വിദ്യാര്‍നി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് മൂന്ന് തവണ അധ്യാപകന്‍ സ്‌കൂള്‍ ടോയ്‌ലറ്റില്‍ വെച്ച് പീഡിപ്പിച്ചതായും വിദ്യാര്‍ഥിനി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥിനി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പാനൂര്‍ പോലിസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കുകയായിരുന്നു.

വിദ്യാര്‍ഥിനി പീഡനത്തിനിരയായതായി തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ വ്യക്തമായതായി പോലിസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ പത്മരാജന്‍ ബിജെപി പ്രാദേശിക നേതാവും സംഘപരിവാര്‍ അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമാണ്. അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

അതേസമയം, ബിജെപി നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കൂത്തുപറമ്പ് ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കുരുന്നു മനസ്സുകളില്‍ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കേണ്ട അധ്യാപക സമൂഹത്തിന് അപമാനം വരുത്തി വെച്ച ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പാലിക്കണം.

സംഘപരിവാര നേതാക്കള്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ പോലിസ് അടുത്തിടെ സ്വീകരിക്കുന്ന മൃദുസമീപനം ഈ സംഭവത്തിലും തുടരാനാണ് പോലിസ് ശ്രമിക്കുന്നതെന്ന് സംശയം ജനിപ്പിക്കുന്നതാണ് പ്രതിഷേധ സൂചകകമായി നാട്ടുകാര്‍ പതിച്ച പോസ്റ്ററുകള്‍ നശിപ്പിച്ച നടപടി. പോലിസിന്റെ സംഘപരിവാര്‍ അനുകൂല നിലപാട് തുടരാന്‍ ജനാധിപത്യ സമൂഹം അനുവദിക്കരുത്. യോഗത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് റിജാസ്, സെക്രട്ടറി മുസവ്വിര്‍, റഫീഖ്, മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News