ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്; ബന്ധു അറസ്റ്റില്‍

Update: 2023-04-21 04:21 GMT

കോഴിക്കോട്: കൊയിലാണ്ടിക്കു സമീപം അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാകതമെന്ന് പോലിസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ രിഫായി(12) മരണപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുവിനെ പോലിസ് അറസ്റ്റ് ചെയ്തു. പിതൃസഹോദരിയെയാണ് അറസ്റ്റ് ചെയ്തത്. സ്വത്തുതര്‍ക്കമാണ് ാെലപാതകത്തിനു കാരണമെന്നാണ് പോലിസ് നിഗമനം. ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഛര്‍ദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത അഹമ്മദ് ഹസന്‍ റിഫായി പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. മരണത്തില്‍ അസ്വാഭവികത തോന്നിയതിനെ തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്. ബന്ധു ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നുവെന്നാണ് പോലിസ് കണ്ടെത്തിയത്. കുട്ടിയുടെ മാതാവും സഹോദരങ്ങളും ഈ സമയം വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലിസ്, ഫോറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്ക് നല്‍കികയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കൊയിലാണ്ടി പോലിസ് വിശദമായ അന്വേഷണം നടത്തിയത്. നിരവധി പേരില്‍നിന്നു മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് കൊലപാതമെന്ന് സ്ഥിരീകരിച്ചത്. അസ്മയാണ് മരണപ്പെട്ട അഹമദ് ഹസന്‍ രിഫായിയുടെ മാതാവ്. സഹോദരങ്ങള്‍: ആയിഷ, റസിന്‍(ചങ്ങരോത്ത് എംയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍).


Tags: