ഹിജാബ് വിലക്കിന്റെ മറവില്‍ സിന്ദൂരവും കുങ്കുമവും തടഞ്ഞാല്‍ നടപടി; സ്‌കൂള്‍, കോളജ് അധികാരികള്‍ക്ക് കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്

Update: 2022-02-20 09:51 GMT

ബംഗളൂരു: ഹിജാബ് വിലക്കിന്റെ മറവില്‍ ഹൈന്ദവ ആചാരങ്ങള്‍ തടയരുതെന്ന കര്‍ശന നിര്‍ദേശവുമായി കര്‍ണാടകയിലെ വിദ്യാഭ്യാസ വകുപ്പ്. കര്‍ണാടകയില്‍ സ്‌കൂളുകളിലും കോളജുകളിലും മതചിഹ്നങ്ങള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ കോളജില്‍ സിന്ദൂരം അണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ അധികൃതര്‍ മടക്കി അയച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് സ്‌കൂളുകളിലും കോളജുകളിലും സിന്ദൂരവും കുങ്കുമവും ബിന്ദിയും അണിഞ്ഞെത്തുന്നവരെ തടയരുതെന്നും അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റുകള്‍ക്ക് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് കര്‍ശന താക്കീത് നല്‍കിയത്.

വിദ്യാര്‍ഥിനികളോട് ഇവ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. കുങ്കുമവും സിന്ദൂരവും ബിന്ദിയും നമ്മുടെ സാംസ്‌കാരിക സ്വത്വങ്ങളാണ്. അവ അലങ്കാരമായി ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ മതപരമായ ഒരു വസ്ത്രമായ ഹിജാബുമായി ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. കുങ്കുമം, സിന്ദൂരം തുടങ്ങിയവ അണിയുന്ന വിദ്യാര്‍ഥികളെ തടഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഹിജാബ് മതത്തെ പ്രതിനിധീകരിക്കുന്നതാണ്. വളകളും കുങ്കുമവും ബിന്ദിയും വെറും ആഭരണങ്ങള്‍ മാത്രമാണ്. ഈ ആഭരണങ്ങള്‍ സ്‌കൂളില്‍ ധരിക്കുന്നതിനെതിരേ കര്‍ശനമായ നിയന്ത്രണങ്ങളൊന്നുമില്ല.

വിദ്യാര്‍ഥികള്‍ ഇത് സ്വമേധയാ ധരിക്കുന്നതാണ്. അതുകൊണ്ട് ഇവ അഴിക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയപൂര്‍ ജില്ലയിലെ ഇന്‍ഡിയിലുള്ള ഗവണ്‍മെന്റ് പിയുസി കോളജിലാണ് സിന്ദൂരമണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അധികൃതര്‍ തടഞ്ഞത്. കോളജില്‍ കയറുന്നതിന് മുമ്പ് സിന്ദൂരം നീക്കാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിദ്യാര്‍ഥിനി ഇതിന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവമറിഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോളജിന് പുറത്ത് സംഘടിക്കുകയും അധ്യാപകര്‍ക്കും മാനേജ്‌മെന്റിനുമെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. അധ്യാപകര്‍ക്കെതിരേ നടപടി വേണമെന്നായിരുന്നു ആവശ്യം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സിന്ദൂരം ഒരു മതചിഹ്‌നമല്ലെന്ന് ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്ക് പറഞ്ഞു. അത് രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മതചിഹ്‌നങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അനുസരിച്ച് ഇത് നിരോധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News