ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: കാസര്‍കോട്ടും പാലക്കാട്ടും എന്‍ഐഎ റെയ് ഡ്

വീട്ടുടമകളായ രണ്ടുപേരോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു

Update: 2019-04-28 08:54 GMT

കാസര്‍കോഡ്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോട്ടും പാലക്കാട്ടും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) റെയ്ഡ് നടത്തി. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ രണ്ടുപേരുടെ വീടുകളിലാണ് ഞായറാഴ്ച രാവിലെ കൊച്ചിയിലെ എന്‍ഐഎ സംഘം പരിശോധന നടത്തിയത്. ലോക്കല്‍ പോലിസിനെ പോലും അറിയിക്കാതെ അതീവരഹസ്യമായാണ് എന്‍ ഐഎ സംഘമെത്തിയത്. വീട്ടുടമകളായ രണ്ടുപേരോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു. പാലക്കാട് ഒരാളെ ചോദ്യംചെയ്യാന്‍ കൊണ്ടുപോയതായും സൂചനയുണ്ട്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ഇരുവരും ആകൃഷ്ടരായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണു എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സഹ്രാന്‍ ഹാഷിമുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അറിയാനാണു പരിശോധനയെന്നാണു സൂചന. ഇക്കഴിഞ്ഞ ഏപ്രില്‍ 21നാണ് ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പര നടന്നത്. എന്‍ഐഎ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവ പിടിച്ചെടുക്കുകയും വിശദമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തു.


Tags:    

Similar News