അച്ചടക്കലംഘനം;കെ വി തോമസിനെ കെപിസിസി പദവികളില്‍ നിന്ന് നീക്കി

കേരളത്തിലെ ചുമതലകള്‍ ഒഴിവാക്കിയെങ്കിലും എഐസിസി അംഗമായി കെ വി തോമസിനെ നിലനിര്‍ത്തി

Update: 2022-04-27 09:29 GMT

ന്യൂഡല്‍ഹി:കെ വി തോമസിനെ കെപിസിസി ചുമതലകള്‍ നിന്ന് നീക്കി എഐസിസിയുടെ അച്ചടക്ക നടപടി. തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതിനാലാണ് നടപടി.ഹൈക്കമാന്റ് വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തതിനാണ് അച്ചടക്ക നടപടി.

കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്യുന്നത് ഇന്നലെയാണ്.നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാല്‍ കര്‍ശനമായ നടപടി വേഗത്തില്‍ കൈക്കൊള്ളണമെന്ന് കെപിസിസി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിനൊപ്പം നിലപാട് നേരിട്ട് വ്യക്തമാക്കാനുള്ള അവസരം വേണമെന്നും കെവി തോമസ് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് എകെ ആന്റണി അധ്യക്ഷനായി സമിതി നടപടിക്ക് ശുപാര്‍ശ ചെയ്തത്.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന കടുത്ത നടപടിയുണ്ടായില്ല.കേരളത്തിലെ ചുമതലകള്‍ ഒഴിവാക്കിയെങ്കിലും എഐസിസി അംഗമായി കെ വി തോമസിനെ നിലനിര്‍ത്തി.മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കി.സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടി പുറത്താക്കിയാല്‍ കെ വി തോമസ് രാഷ്ട്രീയമായി അത് ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസില്‍ വിലയിരുത്തല്‍ ഉണ്ടായി.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ടാണ് കടുത്ത നടപടികള്‍ നേതൃത്വം ഒഴിവാക്കിയത്.

അതേസമയം കെ വി തോമസ് അദ്ധ്യായം അവസാനിച്ചു എന്നായിരുന്നു സംഘടന ജന സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.മൂന്ന് സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കെതിരെയുളള നടപടിയാണ് ഇന്നലെ ചേര്‍ന്ന അച്ചടക്ക സമിതി പരിശോധിച്ചത്. ഇതില്‍ പഞ്ചാബിലെ സുനില്‍ ജാക്കറിനെയും മേഘാലയിലെ അഞ്ച് നേതാക്കള്‍ക്കെതിരെയും സസ്‌പെഷന്‍ നടപടിയാണ് എടുത്തത്.

Tags:    

Similar News