കോണ്‍ഗ്രസിന്റെ ഹിന്ദുത്വ നിലപാടില്‍ ശിവസേന മാറ്റം വരുത്തുമെന്ന് സവര്‍ക്കറുടെ പൗത്രന്‍

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് ഉദ്ദവ് ഒരിക്കലും പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2019-11-15 18:12 GMT

മുംബൈ: കോണ്‍ഗ്രസിന്റെ ഹിന്ദുത്വ നിലപാടില്‍ ശിവസേന മാറ്റം വരുത്തുമെന്ന് വി ഡി സവര്‍ക്കറുടെ പൗത്രന്‍ രഞ്ജിത്ത് സവര്‍ക്കര്‍. മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായതിനു പിന്നാലെയാണ് പരാമര്‍ശം. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് ഹിന്ദുത്വ ആശയം കൈവെടിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കറിയാവുന്ന ഉദ്ദവ് ജിക്ക് ഒരിക്കലും തന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉപേക്ഷിക്കാനാവില്ല. സവര്‍ക്കറോട് കോണ്‍ഗ്രസ് അനാദരവ് കാട്ടുകയാണെങ്കില്‍ ഉദ്ദവ് താക്കറെ ഉചിതമായി പ്രതികരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഹിന്ദുത്വത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നിലപാടില്‍ ശിവസേന മാറ്റം വരുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രഞ്ജിത്ത് സവര്‍ക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അധികാരം ലഭിക്കാനായി, സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് ഉദ്ദവ് ഒരിക്കലും പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

    മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഇക്കുറി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് എന്‍സിപി നേതാവ് നവാബ് മാലികും പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ആഴ്ചകളായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാവാത്തതിനാല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.






Tags:    

Similar News