ആദിത്യ താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനുള്ള നീക്കവുമായി ശിവസേന

Update: 2019-06-14 11:15 GMT

മുംബൈ: ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ നേതാവുമായ ആദിത്യ താക്കറയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നിയമിക്കാനുള്ള നീക്കവുമായി ശിവസേന. ശിവസേനാ എംപി സഞ്ജ റാവുത്താണ് ഇതു സംബന്ധിച്ച വിവരം മാധ്യമങ്ങളോട് പറഞ്ഞത്. താക്കറെ കുടുംബം ഒരിക്കലും ഉപമുഖ്യമന്ത്രി പദവി ഏറ്റെടുക്കില്ലെന്നും സംസ്ഥാന ദേശീയ രാഷ്ട്രീയത്തില്‍ തൊക്കറെ കുടുംബത്തിന് നിര്‍ണായക സ്വാധീനമാണുള്ളതെന്നും റാവുത്ത് വാദിച്ചു.

പാര്‍ട്ടി ഏത് ചുമതല ഏല്‍പ്പിച്ചാലും താന്‍ അത് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റക്ക് മല്‍സരിക്കുമെന്ന് പലവട്ടം പറഞ്ഞെങ്കിലും അമിത് ഷായുമായി നടന്ന ചര്‍ച്ചക്ക് ശേഷം സഖ്യകക്ഷിയായി നില്‍ക്കും എന്ന ധാരണയില്‍ എത്തുകയായിരുന്നു ശിവസേന. മാത്രവുമല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ മുന്നോട്ട് വെച്ചാണ് ശിവസേന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധാരണയ്ക്ക് സമ്മതിച്ചത്.

എന്നാല്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ ബിജെപി പ്രവര്‍ത്തകരും പ്രവര്‍ത്തിക്കണമെന്ന് ബിജെപി നേതാവും മന്ത്രിയുമായ സുധീര്‍ മുഗന്ദിവാര്‍ പറഞ്ഞിരുന്നു. ഇതിനെ അതൃപ്തി പ്രകടിപ്പിച്ച ശിവസേന, യുവനേതാവായ ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി തങ്ങള്‍ക്ക് നല്‍കണമെന്ന് വാദിച്ചെങ്കിലും അത് പരിഗണിക്കാതെ ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് പദവി വാഗ്ദാനം ചെയ്യുകയാണ് ബിജെപി ചെയ്തത്.

Tags:    

Similar News