ശബരിമല ഹര്‍ത്താല്‍: സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കാത്ത് 16 ബൈക്കുകള്‍; പ്രതികള്‍ ഒളിവില്‍

പോലിസുകാരെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പടെ കേസുകളിലെ പ്രതികളുടേതാണ് ബൈക്കുകള്‍. 30 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും നിരവധി പേര്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു.

Update: 2019-02-25 04:55 GMT

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: ഹര്‍ത്താല്‍ ദിനത്തില്‍ എടപ്പാള്‍ ജങ്ഷനിലും പൊന്നാനിയിലും സംഘര്‍ഷത്തിനിടെ വിരണ്ടോടിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ബൈക്കുകള്‍ ഉടമസ്ഥരെ കാത്ത് പോലിസ് സ്‌റ്റേഷനുകളില്‍ തുരുമ്പെടുക്കുന്നു. അക്രമമുണ്ടാക്കിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഉപേക്ഷിച്ച 16ഓളം ബൈക്കുകളാണ് തിരിച്ചെടുക്കാന്‍ ആളില്ലാതെ ഒന്നരമാസത്തോളമായി ചങ്ങരംകുളം, പൊന്നാനി പൊലീസ് സ്‌റ്റേഷനിലുകളില്‍ കിടക്കുന്നത്. പോലിസുകാരെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പടെ കേസുകളിലെ പ്രതികളുടേതാണ് ബൈക്കുകള്‍. 30 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും നിരവധി പേര്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു.

ബൈക്ക് അന്വേഷിച്ചെത്തിയാല്‍ കേസില്‍ പ്രതിയാകുമെന്ന ഭയമാണ് ആരും ബൈക്കുകള്‍ ഏറ്റെടുക്കാന്‍ വരാത്തതെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ബൈക്കുകളെല്ലാം ആര്‍എസ്എസ്-ബിജെപിയുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ എടപ്പാള്‍ ജങ്ഷനില്‍ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് 35 ഓളം മോട്ടോര്‍ ബൈക്കുകളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഇടിച്ചുകയറ്റുകയായിരുന്നു. നാട്ടുകാര്‍ ഇറങ്ങി പ്രതിരോധിച്ചതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബൈക്ക് ഉപേക്ഷിച്ച് വിരണ്ടോടി. ഈ അക്രമത്തില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പട്ടാമ്പി റോഡിലും ഇത്തരത്തില്‍ തമ്പടിച്ച ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എമ്മിന്റെ പ്രകടനത്തിലേക്ക് ബൈക്കുകള്‍ ഇടിച്ചുകയറ്റി.ബൈക്കില്‍ വന്ന സംഘത്തിന്റെ കൈവശം ആയുധങ്ങളുമുണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലുകള്‍ എറിയുകയും അക്രമിക്കുകയും ചെയ്തപ്പോഴാണ് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്.അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ നിന്ന് കല്ലുകളും വടികളും പൊലീസ് കണ്ടെടുത്തിരുന്നു.

സംഭവദിവസം 35 ബൈക്കുകളാണ് പൊലീസ് പിടികൂടിയത്. ഉടമകളെത്തി 25ഓളം ബൈക്കുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതുവരെ 30 ഓളം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് സംഭത്തില്‍ അറസ്റ്റിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണ്. പൊന്നാനിയില്‍ 12 ബൈക്കുകളാണ് പിടികൂടിയത്.ഇതില്‍ 6 എണ്ണം ഉടമകളെത്തി കൊണ്ടുപോയി.ഇനിയും ആറെണ്ണം അവശേഷിക്കുന്നുണ്ടെന്ന് പൊന്നാനി സി ഐ ചാക്കോ പറഞ്ഞു.പൊന്നാനിയില്‍ ഹര്‍ത്താലിന്റെ മറവില്‍ പോലീസുകാരെ വധിക്കാന്‍ ശ്രമിച്ചിരുന്നു.9 പേരെയാണ് ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.


Tags: