ആര്‍എസ്എസിന് ബദലാവാനുള്ള സിപിഎമ്മിന്റെ നീക്കം അപഹാസ്യം: എസ്ഡിപിഐ

Update: 2022-09-06 17:06 GMT

പാലക്കാട്: സംഘപരിവാര്‍ മാതൃകയില്‍ കൊടിയുമായി ചിറ്റൂരില്‍ സിപിഎം നടത്തിയ വിനായകചതുര്‍ഥി നിമജ്ജന ശോഭയാത്ര അപഹാസ്യമാണെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം. സിപിഎമ്മിന്റെ പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമാണ് ആര്‍എസ്എസിന്റെ പതാകയ്ക്ക് ബദലായി കാവിക്കൊടിയെന്ന് തോന്നിപ്പിക്കും വിധം ഇളം മഞ്ഞനിറത്തിലുള്ള ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത പതാകയുമായി ഗണേശോത്സവമെന്ന പേരില്‍ നിമജ്ജന ശോഭായാത്ര സംഘടിപ്പിച്ചത്. ഞായറാഴ്ച അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയിലായിരുന്നു പരിപാടി. ആര്‍എസ്എസ്. ഔദ്യോഗികമായി ഉപയോഗിക്കാറുള്ള കാവിക്കൊടിക്ക് സമാനമായി ത്രികോണാകൃതിയിലും ശിവജിചിത്രം ആലേഖനം ചെയ്യുന്ന പതാകയുടെ (ഇരട്ട ത്രികോണം) മാതൃകയിലുമായിരുന്നു ഈ ഉത്സവത്തിന് ഉപയോഗിച്ച കൊടിയും.

ആര്‍എസ്എസിനെയും സിപിഎമ്മിനേയും തിരിച്ചറിയാന്‍ ഇരു വിഭാഗങ്ങളിലെയും അണികള്‍ക്കുപോലും സാധിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് പരിപാടിയുടെ ചിത്രങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തങ്ങളുടേതാണ് എന്ന ധാരണയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെച്ചത്.

മതനിരപേക്ഷതയൊക്കെ കൊട്ടിപ്പാടി ആഘോഷിക്കുന്ന സിപിഎമ്മാണ് ആര്‍എസ്എസ്, ശിവസേന പോലുള്ള വര്‍ഗ്ഗീയ സംഘടനകളുടെ ആഘോഷങ്ങളായ ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വത്തിനു ബദലാണ് തങ്ങളെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

തങ്ങളുള്ളിടത്തു ആര്‍എസ്എസ് വളരില്ലെന്ന വാദത്തിനു ആര്‍എസ്എസിന് ബദലായി തങ്ങള്‍ മാറുമെന്ന സന്ദേശമാണ് ഇത്തരം അഭ്യാസങ്ങളിലൂടെ സിപിഎം നല്‍കുന്നത്.

മതവിശ്വാസികളുടെ ആഘോഷമെന്നാണ് വാദമെങ്കില്‍ ഇതര മതവിഭാഗങ്ങളുടെ ഈസ്റ്ററും ക്രിസ്തുമസും ബലിപ്പെരുന്നാളും അടക്കമുള്ള ആഘോഷങ്ങളെയും ഇതുപോലെ ഏറ്റെടുക്കാന്‍ സിപിഎമ്മിന് ആര്‍ജവമുണ്ടോ എന്നുകൂടി വ്യക്തമാക്കണമെന്ന് ഷഹീര്‍ ചാലപ്പുറം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News