യുപി ഭരണകൂടത്തിന്റെ ഇടിച്ചുനിരത്തലിനെതിരായ ഹരജി സുപിംകോടതി നാളെ പരിഗണിക്കും

ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് ഇനി ഇടിച്ചുനിരത്തല്‍ നീക്കങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജംഇയത്ത് ഈ മാസം 13നാണ് സുപ്രിം കോടതിയെ സമീപിച്ചത്.

Update: 2022-06-15 15:48 GMT

ന്യൂഡല്‍ഹി: മുനിസിപ്പല്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി ഉത്തര്‍പ്രദേശ് ഭരണകൂടം നടത്തിവരുന്ന ഇടിച്ചുനിരത്തല്‍ നീക്കങ്ങള്‍ക്കെതിരേ മുസ്‌ലിം സംഘടനയായ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും.

ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് ഇനി ഇടിച്ചുനിരത്തല്‍ നീക്കങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജംഇയത്ത് ഈ മാസം 13നാണ് സുപ്രിം കോടതിയെ സമീപിച്ചത്. ദേശീയ തലത്തിലുള്ള ജഹാംഗീര്‍പുരി പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിക്കുന്ന വിഷയത്തില്‍ സംഘടന നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഇത്തരത്തില്‍ വീടുകളടക്കമുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്.

ഈ വിഷയത്തില്‍ കഴിഞ്ഞ ഹിയറിംഗിന് ശേഷം ഈ കോടതിയുടെ ശ്രദ്ധ ആവശ്യമുള്ള ചില പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പുതിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി. വേണ്ടത്ര സമയം നല്‍കിയ ശേഷം മാത്രമെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടുള്ളൂവെന്ന് സംസ്ഥാനത്തോട് നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1958 ലെ ഉത്തര്‍പ്രദേശ് ബില്‍ഡിംഗ് ഓപ്പറേഷന്‍സ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 10 പ്രകാരം ഒരു വ്യക്തിയുടെ കെട്ടിടം പൊളിക്കുമ്പോള്‍ അയാളുടെ വാദം കേള്‍ക്കാനുള്ള അവസരം നല്‍കേണ്ടതുണ്ട്. 1973 ഉത്തര്‍പ്രദേശ് നഗരാസൂത്രണ വികസന നിയമത്തിന്റെ 27ാം വകുപ്പ് പ്രകാരം വ്യക്തിയുടെ വാദം കേള്‍ക്കുന്നതിന് പുറമെ കുറഞ്ഞത് 15 ദിവസത്തെ നോട്ടീസ് നല്‍കണമെന്നുമാണ് ചട്ടം. ഈ നോട്ടീസിന് 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുമുള്ള അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News