ഷഹീന്‍ ബാഗ് സമരത്തെക്കുറിച്ചുള്ള ഉത്തരവില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി

പ്രശ്‌നം ഇതിനകം അവസാനിച്ചുവെന്നും വിധിയില്‍ എന്ത് വ്യക്തതയാണ് ആവശ്യപ്പെടുന്നതെന്നും ഹരജിക്കാരന്റെ അഭിഭാഷകനോട് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദ്രേഷ് എന്നിവര്‍ ചോദിച്ചു. 'വിധി സ്വയം സംസാരിക്കുന്നു', വ്യക്തത ആവശ്യമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Update: 2022-01-24 16:24 GMT

ന്യൂഡല്‍ഹി: പൊതുവഴികള്‍ അനിശ്ചിതകാലം തടസ്സപ്പെടുത്താനാവില്ലെന്ന് സുപ്രിം കോടതി പറഞ്ഞ 2020 ഒക്ടോബര്‍ 7ലെ വിധിയില്‍ വ്യക്തത തേടിയുള്ള അപേക്ഷ സ്വീകരിക്കാന്‍ സുപ്രിം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) ഷഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ നടത്തിയ റോഡ് ഉപരോധവുമായി ബന്ധപ്പെട്ടായിരുന്നു സുപ്രിം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

പ്രശ്‌നം ഇതിനകം അവസാനിച്ചുവെന്നും വിധിയില്‍ എന്ത് വ്യക്തതയാണ് ആവശ്യപ്പെടുന്നതെന്നും ഹരജിക്കാരന്റെ അഭിഭാഷകനോട് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദ്രേഷ് എന്നിവര്‍ ചോദിച്ചു. 'വിധി സ്വയം സംസാരിക്കുന്നു', വ്യക്തത ആവശ്യമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹരജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍, കേസില്‍ ഹാജരാവാനിരുന്ന അഭിഭാഷകന് സുഖമില്ലെന്നും അതിനാല്‍ മറ്റൊരു ദിവസം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അത്തരം അപേക്ഷകള്‍ പരിഗണിക്കാന്‍ ആവില്ലെന്നു ബെഞ്ച് വ്യക്തമാക്കി. വിധി ഇതിനകം പാസാക്കിയിട്ടുണ്ടെന്നും ഇതിനകം തീര്‍പ്പാക്കിയ വിഷയങ്ങളിലെ അപേക്ഷകള്‍ പരിഗണിക്കില്ലെന്നും സുപ്രീം കോടതി ആവര്‍ത്തിച്ചു.

പൊതുവഴികളും സ്ഥലങ്ങളും അനിശ്ചിതകാലത്തേക്ക് പ്രതിഷേധങ്ങള്‍ക്കായി കൈവശപ്പെടുത്താന്‍ കഴിയില്ലെന്നും ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ അമിത് സാഹ്നി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി വന്നത്. വിയോജിപ്പ് പ്രകടിപ്പിക്കുന്ന പ്രകടനങ്ങള്‍ നിയുക്ത സ്ഥലങ്ങളില്‍ മാത്രമേ സംഘടിപ്പിക്കാവൂ എന്ന് സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു.

ഷഹീന്‍ ബാഗില്‍ പൊതുവഴി കയ്യേറിയ സമരക്കാരെ നീക്കം ചെയ്യണമെന്ന് സാഹ്നി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധക്കാര്‍ പിന്നീട് പ്രതിഷേധത്തില്‍നിന്നു സ്വയം പിന്‍മാറുകയായിരുന്നു.

Tags: