ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തന്നെ; തെളിവുകള്‍ പുറത്തുവിട്ട് സൗദി

ആക്രമണത്തിനുപയോഗിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളില്‍ നിന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്ന് സംശയാതീതമായി വ്യക്തമാകുന്നുവെന്നാണ് സൗദി പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്.

Update: 2019-09-18 18:22 GMT

റിയാദ്: രാജ്യത്തെ പ്രമുഖ എണ്ണ ശുദ്ധീകരണശാലയ്‌ക്കെതിരേ ആളില്ലാവിമാനം (ഡ്രോണ്‍) ഉപയോഗിച്ച് ശനിയാഴ്ച നടത്തിയ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് സൗദി അറേബ്യ. ഇത് തെളിയിക്കുന്ന തെളിവുകള്‍ സൗദി പുറത്തുവിട്ടു.

അരാംകോ ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകളുടെ അവശിഷ്ടങ്ങള്‍ സൗദി പ്രദര്‍ശിപ്പിച്ചു. പ്രതിരോധ വകുപ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെളിവുകള്‍ പുറത്തുവിട്ടത്. ആക്രമണത്തിനുപയോഗിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളില്‍ നിന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്ന് സംശയാതീതമായി വ്യക്തമാകുന്നുവെന്നാണ് സൗദി പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്.

18 ഡ്രോണുകളും ഏഴ് ക്രൂസ് മിസൈലുകളുമാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. യെമനില്‍ നിന്നാണ് ഇവ അരാംകോയ്ക്ക് നേരെ ഉപയോഗിച്ചത്. യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ തങ്ങളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടിരുന്നു.

ആരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച ഇറാന്‍ സൈനികമായ ഏത് നടപടിക്കും ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എവിടെനിന്നാണ് ഇവ സൗദിക്ക് നേരെ പ്രയോഗിച്ചത് എന്ന് കണ്ടെത്താന്‍ ശ്രമിച്ചുവരികയാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറയുന്നു. ഡ്രോണുകളിലെ കംപ്യൂട്ടറുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്ന് ഇവ ഇറാന്റേതാണെന്ന് വ്യക്തമായതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൗദിയുടെ കിഴക്കന്‍ മേഖലായ ദമാമിനടുത്ത അബ്ഖുയൈഖ്, ഹിജ്‌റാത് ഖുറൈയ്‌സ് എണ്ണപ്പാടം എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. 18 ഡ്രോണുകളാണ് അബ്ഖുയൈഖില്‍ ആക്രമണം നടത്തിയത്. ഏഴ് മിസൈലുകളില്‍ നാലെണ്ണം അബ്ഖുയൈഖിലും മുന്നെണ്ണം ഖുറൈയ്‌സ് എണ്ണപ്പാടത്തുമാണ് പതിച്ചതെന്ന് കേണല്‍ തുര്‍കി അല്‍ മാലികി വിശദീകരിച്ചു. ആക്രമണം അന്താരാഷ്ട്ര സമൂഹത്തിന് നേരെയുള്ളതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അതിന് കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അരാംകോ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കൂടുതല്‍ ഉപരോധത്തിന് അമേരിക്ക നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രഷറി സെക്രട്ടറിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി.

ആക്രമണം ആസൂത്രിതമാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നു. ഈ മാസം അവസാനത്തോടെ മാത്രമേ എണ്ണ ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയില്‍ ആവു എന്ന് കമ്പനി പ്രസിഡന്റും സിഇഒയുമായ അമിന്‍ നാസര്‍ വ്യക്തമാക്കി.

Tags:    

Similar News