സൗദി അറേബ്യ മൂന്ന് രാജകുമാരന്‍മാരെ തടഞ്ഞുവച്ചതായി റിപോര്‍ട്ട്

Update: 2020-03-07 01:53 GMT

റിയാദ്: രണ്ട് മുതിര്‍ന്ന രാജകുമാരന്‍മാര്‍ ഉള്‍പ്പെടെ മൂന്ന് രാജകുടുംബാംഗങ്ങളെ സൗദി അധികൃതര്‍ തടഞ്ഞുവച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, രാജാവിന്റെ അനന്തരവന്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി സൗദി രാജാവിന്റെ സുരക്ഷാഗാര്‍ഡുകള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തത്. അതേസമയം, നായിഫ് രാജകുമാരന്റെ ഇളയ സഹോദരന്‍ നവാഫ് ബിന്‍ നായിഫ് രാജകുമാരനെയും കസ്റ്റഡിയിലെടുത്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, വാര്‍ത്തകളോട് സൗദി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

    പ്രമുഖ പുരോഹിതരെയും ആക്ടിവിസ്റ്റുകളെയും രാജകുമാരന്മാരെയും വ്യാപാരപ്രമുഖരെയും ജയിലിലടച്ച് അധികാരം ഉറപ്പിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇവരെ തടങ്കലില്‍ വച്ചതെന്ന ആരോപണം ശക്തമാണ്. 2018 ഒക്ടോബറില്‍ തുര്‍ക്കി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരേ അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ന്നിരുന്നു.




Tags:    

Similar News