മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

രാത്രി 10ഓടെ ക്ഷേത്ര നടയടയ്ക്കും

Update: 2019-11-16 14:43 GMT

ശബരിമല: മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ നട തുറന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് നട തുറന്നത്. ശ്രീകോവില്‍ വലംവച്ചെത്തി തിരുനടയിലെ മണിയടിച്ച ശേഷമാണ് നടതുറന്നത്. താപസരൂപത്തില്‍ ഭഗവാനെ കാണാനുള്ള അവസരം മണ്ഡലകാലത്ത് ഇന്നു മാത്രമാണുണ്ടാവുക. നട തുറന്ന ശേഷം മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി 18ാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന ഭസ്മം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ശനിയാഴ്ച പ്രത്യേകപൂജയുണ്ടാവില്ല. വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം ഉടനുണ്ടാവും. തുടര്‍ന്ന് രാത്രി 10ഓടെ ക്ഷേത്ര നടയടയ്ക്കും. ഞായറാഴ്ച മുതല്‍ മണ്ഡലകാല പൂജകളോടെ ക്ഷേത്ര ചടങ്ങുകള്‍ 41 ദിവസവും ഉണ്ടാവും.




Tags:    

Similar News