ട്രംപിന്റെ കശ്മീര്‍ മധ്യസ്ഥത; ബിജെപിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്

ഇരുസഭകളിലും കോണ്‍ഗ്രസ് ഈ വിഷയമുയര്‍ത്തി പ്രതിഷേധിച്ചു. കശ്മീരില്‍ ഇന്ത്യയും പാകിസ്താനുമല്ലാതെ മൂന്നാമതൊരാളില്ലെന്ന വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ഉറച്ച നിലപാടിനെതിരായി മോദി നിലപാടെടുത്തോ എന്ന് വ്യക്തമാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

Update: 2019-07-23 09:53 GMT

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇടനിലക്കാരനാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന പ്രസ്താവനയില്‍ ബിജെപി കടുത്ത പ്രതിരോധത്തില്‍. ഇരുസഭകളിലും കോണ്‍ഗ്രസ് ഈ വിഷയമുയര്‍ത്തി പ്രതിഷേധിച്ചു. കശ്മീരില്‍ ഇന്ത്യയും പാകിസ്താനുമല്ലാതെ മൂന്നാമതൊരാളില്ലെന്ന വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ഉറച്ച നിലപാടിനെതിരായി മോദി നിലപാടെടുത്തോ എന്ന് വ്യക്തമാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

എന്നാല്‍, പ്രധാനമന്ത്രി അത്തരത്തില്‍ ഒരു ആവശ്യവും അമേരിക്കന്‍ പ്രസിഡന്റിന് മുന്നില്‍ വച്ചിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അവകാശപ്പെടുന്നത്. ഷിംല കരാറിന്റെയും ലാഹോര്‍ ഉടമ്പടിയുടെയും പശ്ചാത്തലത്തില്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ഇതില്‍ ഒരു മധ്യസ്ഥതയുടെയും ആവശ്യമില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ജി20 ഉച്ചകോടിക്കിടെ മോദി അമേരിക്കയുടെ മധ്യസ്ഥത തേടിയെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ''രണ്ടാഴ്ച മുന്‍പ് ഞാന്‍ മോദിയെ കണ്ടിരുന്നു. അപ്പോള്‍ ഞങ്ങളീ വിഷയത്തെക്കുറിച്ച് (കശ്മീര്‍) സംസാരിച്ചു. അദ്ദേഹം യഥാര്‍ത്ഥത്തില്‍ പറഞ്ഞതിങ്ങനെയാണ് ''ഇതില്‍ മധ്യസ്ഥത വഹിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ?'', ഞാന്‍ ചോദിച്ചു, ''എവിടെ?'', അദ്ദേഹം പറഞ്ഞു, ''കശ്മീര്‍''.

വിവാദമായതോടെ ട്രംപിന്റെ പ്രസ്താവനയെ ഉടന്‍ പൂര്‍ണമായും തള്ളി ഇന്ത്യ രംഗത്തെത്തി. ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ കശ്മീരില്‍ പ്രശ്‌ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

Tags:    

Similar News