സിറിയയില്‍ റഷ്യ പുതിയ സ്ഥിരം സൈനിക താവളം നിര്‍മിക്കുന്നു

ഹുംസിന്റെ കിഴക്കന്‍ പ്രാന്ത പ്രദേശത്ത് സ്ഥിര സൈനിക താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സ്വതന്ത്ര സിറിയന്‍ വാര്‍ത്താ വെബ്‌സൈറ്റ് സമന്‍ അല്‍ വാസല്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-03-06 06:33 GMT

ദമസ്‌കസ്: ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയില്‍ റഷ്യ പുതിയ സ്ഥിരം സൈനിക താവളം നിര്‍മിക്കുന്നു. ഹുംസിന്റെ കിഴക്കന്‍ പ്രാന്ത പ്രദേശത്ത് സ്ഥിര സൈനിക താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സ്വതന്ത്ര സിറിയന്‍ വാര്‍ത്താ വെബ്‌സൈറ്റ് സമന്‍ അല്‍ വാസല്‍ റിപ്പോര്‍ട്ട് ചെയ്തു. സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തില്‍ ഒരു കുന്നിന്‍മുകളിലായാണ് സൈനിക താവളം നിര്‍മിക്കുന്നത്. പുതിയ താവളത്തില്‍ 780 മീറ്റര്‍ എയര്‍സ്ട്രിപ്പും ഉള്‍പ്പെടും.

91.5 ഏക്കര്‍ താവളത്തിന് തദ്‌മോറിന്റെ വടക്ക് പ്രത്യേക ക്യാംപും ഉണ്ടാകും. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ വ്യോമസേന ഉപയോഗിക്കുന്ന ഗോഡൗണുകള്‍ക്ക് സമീപമാണിത്. ആക്രമണങ്ങളില്‍ നിന്ന് പ്രദേശം സുരക്ഷിതമാക്കുന്നതിനായി താവളത്തിന് ചുറ്റും മൂന്ന് മീറ്റര്‍ ആഴവും രണ്ട് മീറ്റര്‍ വീതിയും ഉള്ള ഒരു വലിയ കിടങ്ങും കുഴിക്കുന്നുണ്ട്.

2011ന്റെ തുടക്കത്തില്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ അസദ് ഭരണകൂടം അടിച്ചമര്‍ത്താന്‍ ആരംഭിച്ചതോടെയാണ് രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീണത്. യുഎന്‍ കണക്കുകള്‍ പ്രകാരം ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഒരു കോടിയോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.

യുഎസ്, തുര്‍ക്കി, ഖത്തര്‍, യുഎഇ, സൗദി എന്നിവയുടെ പിന്തുണയുള്ള പ്രതിപക്ഷ ശക്തികളെ തടയുന്നതിനാണ് ഇറാനും റഷ്യയും അസദ് ഭരണകൂടത്തെ പിന്തുണച്ചത്.

Tags: