വനിതാ ജഡ്ജിയ്ക്ക് ആര്‍എസ്എസ് ഭീഷണി: സര്‍ക്കാരും പൊതുസമൂഹവും ഗൗരവമായി കാണണം- പി ജമീല

Update: 2022-11-16 10:10 GMT

തിരുവനന്തപുരം: ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസിലെ പ്രതികളായ 11 ആര്‍എസ്എസ് കൊലയാളികളെ ജീവപര്യന്തം ശിക്ഷിച്ച നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജിയ്ക്ക് ഭീഷണി ഉയര്‍ന്നത് ഗൗരവമായി കാണണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. കേസില്‍ വിധി പുറത്തുവന്ന ഉടന്‍ ആലപ്പുഴ ഹരിപ്പാടുള്ള വനിതാ ജഡ്ജിയുടെ കുടുംബവീട്ടിലെത്തിയ അജ്ഞാത സംഘം മാതാപിതാക്കളോട് ജഡ്ജിയുടെ ഫോണ്‍ നമ്പര്‍ ചോദിക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ചു.

ജഡ്ജിയുടെ കുടുംബ വീടിനും തിരുവനന്തപുരത്തെ താമസ സ്ഥലത്തും പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും സംഭവത്തില്‍ കേസെടുക്കാതിരിക്കുന്നത് സംശയകരമാണ്. ആര്‍എസ്എസ്സുകാര്‍ പ്രതികളായ നിരവധി കൊലക്കേസുകളും ആക്രമണക്കേസുകളും വിചാരണ നടക്കാനിരിക്കേ ജഡ്ജിമാരെ ഭീഷണിപ്പെടുത്തി അനുകൂല വിധി നേടാനുള്ള ആസൂത്രിത ശ്രമമാണിത്. ഭീഷണിയിലൂടെ ജുഡീഷ്യറിയെ പോലും വരുതിയിലാക്കാനുള്ള ഫാഷിസ്റ്റുകളുടെ ആസൂത്രിത നീക്കത്തില്‍ ജനാധിപത്യ സമൂഹം കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പ്രതികളെയുമായി ജയിലിലേക്ക് എത്തിയ പോലിസ് വാഹനം ബിജെപി നേതാവ് വി വി രാജേഷിന്റെ വാഹനം കുറുകെ ഇട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും പോലിസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലും പോലിസ് ഒളിച്ചുകളി നടത്തുകയാണ്.

ബിജെപി നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി നേതാക്കളെ ജയില്‍ കോംപൗണ്ടില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്. ഇത് സംഘപരിവാര സംഘടനകളുടെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം കൈയാളുമ്പോള്‍ പോലിസിനെ സംഘപരിവാരം നിയന്ത്രിക്കുന്നതിന്റെ അപകടകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഉത്തരേന്ത്യന്‍ മോഡലില്‍ പോലിസിനെ വിരട്ടി കൊലയാളികളെയും അക്രമികളെയും സംരക്ഷിക്കാനും ജഡ്ജിമാരെ ഭീഷണിപ്പെടുത്തി അനുകൂല വിധി നേടാനുമുള്ള സംഘപരിവാര ശ്രമത്തിനെതിരേ ഫാഷിസ്റ്റ് വിരുദ്ധ സമൂഹം ശക്തമായി രംഗത്തുവരണം. നിയമവും നീതിന്യായ സംവിധാനങ്ങളും ഭീഷണിയിലൂടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന അക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് പി ജമീല ആവശ്യപ്പെട്ടു.

Tags:    

Similar News