രാമക്ഷേത്ര പ്രതിഷ്ഠ: മസ്ജിദുകളും ചര്‍ച്ചുകളും അലങ്കരിക്കണം; ജയ് ശ്രീറാം വിളിക്കണമെന്നും ആര്‍എസ്എസ് നേതാവ്

Update: 2024-01-01 11:51 GMT
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുന്ന സമയം രാജ്യത്തെ മുസ്‌ലിം പള്ളികളും ക്രിസ്ത്യന്‍ ചര്‍ച്ചുകളും അലങ്കരിക്കണമെന്നും ജയ് ശ്രീറാം വിളിക്കണമെന്നും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍. മസ്ജിദുകളിലും ദര്‍ഗകളിലും മദ്‌റസകളിലുമെല്ലാം 11 തവണ ജയ് ശ്രീറാം എന്ന് എന്ന് വിളിക്കണമെന്നും ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുസ്‌ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരിയുമായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. 'രാം മന്ദിര്‍, രാഷ്ട്ര മന്ദിര്‍ എ കോമണ്‍ ഹെറിറ്റേജ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് പരാമര്‍ശം. പ്രതിഷ്ഠാ സമര്‍പ്പണ ചടങ്ങ് നടക്കുമ്പോള്‍ മുസ് ലിം, ക്രിസ്ത്യന്‍, സിഖ് വിഭാഗക്കാരും മറ്റെല്ലാം മതവിഭാഗക്കാരും അതാത് ആരാധനാലയങ്ങളില്‍ സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാര്‍ഥിച്ച് ചടങ്ങില്‍ പങ്കാളികളകണം. നമുക്ക് പൊതുവായ പൂര്‍വീകരും പൊതുവായ മുഖങ്ങളും പൊതുവായ സ്വത്വവും ഉണ്ട്. നാമെല്ലാം ഈ രാജ്യക്കാരാണ്. നമുക്ക് വിദേശികളുമായി ഒരു ബന്ധവുമില്ല. ദര്‍ഗകളിലും മക്തബുകളിലും മദ്രസകളിലും മസ്ജിദുകളിലും 11 തവണ ജയ് ശ്രീറാം എന്ന് 11 പ്രാവശ്യം വിളിക്കണം. അതിനു ശേഷം നിങ്ങള്‍ നിങ്ങളുടെ ആരാധനാരീതി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുദ്വാരകളും ക്രിസ്ത്യന്‍ പള്ളികളുമടക്കമുള്ള എല്ലാ മതകേന്ദ്രങ്ങളും ജനുവരി 22ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്കു രണ്ട് വരെ മനോഹരമായി അലങ്കരിക്കണം. മാത്രമല്ല, പ്രതിഷ്ഠാ ചടങ്ങ് പരിപാടി ടെലിവിഷനില്‍ കാണുകയും വേണം. ഇന്ത്യയുടെയും ലോകത്തിന്റെയും സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാര്‍ഥിക്കണം. എല്ലാ അഹിന്ദുക്കളും ആ സമയത്ത് ദീപം തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് ഇന്ദ്രേഷ്‌കുമാര്‍.
Tags: