കേരളത്തില്‍ ആര്‍എസ്എസ് - ബിജെപി കലാപാഹ്വാനം; പോപുലര്‍ ഫ്രണ്ട് ഡിജിപിക്ക് പരാതി നല്‍കി

പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഡിജിപി ഓഫീസ് അറിയിച്ചു.

Update: 2021-12-07 15:13 GMT

തിരുവനന്തപുരം: കേരളത്തില്‍ ആര്‍എസ്എസും ബിജെപിയും മുസ്‌ലിംകള്‍ക്കെതിരേ ആസൂത്രിതമായ കലാപം ലക്ഷ്യമിടുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആണ് ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഡിജിപി ഓഫീസ് അറിയിച്ചു.

ആര്‍എസ്എസും ബിജെപിയും സംസ്ഥാനത്ത് മുസ്ലിംകള്‍ക്കെതിരേ ആസൂത്രിതമായ കലാപത്തിനുള്ള കരുനീക്കങ്ങള്‍ നടത്തുകയാണെന്ന് എ അബ്ദുല്‍ സത്താര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. തലശ്ശേരിയില്‍ നടത്തിയ മുസ്ലിംവിരുദ്ധ കൊലവിളി പ്രകടനം കലാപത്തിനുള്ള പരസ്യമായ ആഹ്വാനമാണ്. അടുത്തിടെ സംഘപരിവാര്‍ നടത്തിയിട്ടുള്ള വിദ്വേഷപ്രചാരണങ്ങളും അക്രമസംഭവങ്ങളും വിരല്‍ചൂണ്ടുന്നതും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ്.

കേരളത്തില്‍ വര്‍ഗീയത പ്രചരിപ്പിച്ച് ഭീകരത വളര്‍ത്തുന്നത് ആര്‍എസ്എസും ബിജെപിയുമാണ്. ആര്‍എസ്എസ് നയിക്കുന്ന ഹിന്ദുത്വവര്‍ഗീയവാദികള്‍ വസ്തുതകളുടെ പിന്‍ബലമില്ലാതെ മുസ്‌ലിം സമുദായത്തിനെതിരേ അടിസ്ഥാനരഹിതമായ നുണകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു. ആര്‍എസ്എസിന്റെ നുണഫാക്ടറികളില്‍ നിര്‍മിച്ചെടുത്ത ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ ജിഹാദ് പോലെയുള്ള കെട്ടുകഥകള്‍ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാതെ വന്നതോടെ മുസ്‌ലിം സമുദായത്തിന് നേരെ പരസ്യമായ യുദ്ധപ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തുന്നത്.

തലശ്ശേരിയിലെ മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്നതടക്കമുള്ള മുദ്രാവാക്യം വിളിച്ചതില്‍ തെറ്റില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. വര്‍ഗീയവാദികളെ പ്രോല്‍സാഹിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയുമാണ് സുരേന്ദ്രനും കൂട്ടരും ചെയ്യുന്നത്. വര്‍ഗീയഭ്രാന്ത് ഇളക്കിവിട്ട് സമൂഹത്തില്‍ ഭിന്നതയും മതസമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും പകയും വളര്‍ത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. നാടിന്റെ സമാധാനവും വിവിധ വിഭാഗങ്ങള്‍ക്കിടയിലെ സൗഹാര്‍ദവും തകര്‍ക്കുന്ന വിധത്തില്‍ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നടത്തുന്ന കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം.

കേരളത്തിലെ കൊലപാതകങ്ങള്‍, ബോംബ് സ്‌ഫോടനങ്ങള്‍, ആയുധശേഖരണം, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ കണക്കെടുത്താല്‍ ആര്‍എസ്എസ് തന്നെയാണ് മുന്നില്‍. ആര്‍എസ്എസ് സ്വാധീന മേഖലകളില്‍ സ്‌ഫോടനം നടക്കുന്നതും ആളുകള്‍ മരിക്കുന്നതും പരിക്കേല്‍ക്കുന്നതും പതിവായിരിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം മൂന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് കൊച്ചിയില്‍ നടന്ന ആര്‍എസ്എസിന്റെ ഭീകര പരിശീലന പരിപാടിയില്‍ ആളുകളെ കൊല്ലാനും കലാപം നടത്താനും ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമാനമായ സംഭവങ്ങള്‍ പലയിടങ്ങളിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ്ബിജെപി നേതാക്കള്‍ നാടുനീളെ പരസ്യമായി കലാപത്തിന് ആഹ്വാനം നടത്തുമ്പോള്‍ പലപ്പോഴും നിസ്സംഗതയോടെ നോക്കിനില്‍ക്കുകയാണ് പോലിസും ആഭ്യന്തര വകുപ്പും ചെയ്യുന്നത്. ആര്‍എസ്എസ് നേതൃത്വത്തില്‍ നാട് മുഴുക്കെ കലാപ കലുഷിതമാകുമ്പോള്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കാതെ നാട്ടിലെ സമാധാനം കാത്തുസൂക്ഷിച്ച് പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സമാധാനജീവിതം ഉറപ്പുവരുത്താനും ആഭ്യന്തര വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടാവണമെന്നും എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Tags: