ഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ

12 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറുവാൻ കാറിൽ കാത്തുനിൽക്കവെയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്.

Update: 2022-08-10 18:46 GMT

ഇടുക്കി: ആനക്കൊമ്പുമായി ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കട്ടപ്പന സുവർണ​ഗിരി സ്വദേശി കണ്ണംകുളം കെ അരുൺ ആണ് വനംവകുപ്പിന്റെ അറസ്റ്റിലായത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരെ പിടികൂടാനായിട്ടില്ല. വളളക്കടവിന് സമീപം കരിമ്പാനിപ്പടിയിൽ നിന്നാണ് അരുൺ പിടിയിലായത്.

12 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറുവാൻ കാറിൽ കാത്തുനിൽക്കവെയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. 8.4 കിലോ തൂക്കമുള്ള ആനക്കൊമ്പിന് 130 സെ.മി അകം വ്യാസവും 124 സെ.മി പുറം വ്യാസവുമുണ്ട്.

ജിതേഷ് എന്നയാളുടെ പക്കലിൽ നിന്നാണ് അരുണും സഹോദരി ഭർത്താവ് ബിബിനും ആറ് ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങിയത്. 2.7 ലക്ഷം രൂപ പണമായും 20,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും ജിതേഷിന് അഡ്വാൻസായി നൽകി. പിന്നീട് 12 ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് മറ്റൊരാള്‍ക്ക് കൈമാറാൻ പദ്ധതിയിടുകായായിരുന്നു.

കട്ടപ്പന ഫ്ലൈയിങ്‌ സ്ക്വാഡ് റേഞ്ച്‌ ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരുണിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഒളിവിൽ പോയ ജിതേഷിനും ബിബിനുമായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളിൽ ഒരാളായ ജിതേഷിനെ പിടികൂടിയെങ്കിൽ മാത്രമെ ആനക്കൊമ്പ് എവിടെനിന്നാണ് കിട്ടിയതെന്ന് അറിയാനാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കുമളി റേഞ്ചിന് കൈമാറിയ ജിതേഷിനെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഫ്ലയിങ്‌ സ്ക്വാഡ് കട്ടപ്പന റേഞ്ച് ഫോറസ്റ്റ് ഓഫിസർ റോയ് വി രാജൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജി തോമസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.

Similar News