ഇറാന്‍ സൈന്യത്തിനെതിരേ വിചിത്ര നീക്കവുമായി യുഎസ്; റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് 'ഭീകര സംഘടന'
ഐആര്‍ജിസിയുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും ഇതിനകം യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.
വാഷിങ്ടണ്‍: ഇറാനില്‍ ഏറ്റവും സ്വാധീനമുള്ള സൈനിക വിഭാഗമായ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സി(ഐആര്‍ജിസി)നെ വിദേശ ഭീകര സംഘടനയായി മുദ്രകുത്തി യുഎസ്. ഇറാന്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുകയും ഐആര്‍ജിസി ഒരു രാജ്യതന്ത്ര ആയുധമെന്ന നിലയില്‍ ഭീകരതയ്ക്കു സാമ്പത്തിക പിന്തുണയും പ്രോല്‍സാഹനവും നല്‍കുകയും ചെയ്യുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ യുഎസ് ഭരണകൂടം ഭീകര മുദ്രചാര്‍ത്തുന്നത്.
ഐആര്‍ജിസിയുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും ഇതിനകം യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇറാന്റെ സാമ്പത്തികരംഗത്തെ വലയ്ക്കുന്നതിനിടെയാണ് രാജ്യത്തെ ഒരു സൈനിക വിഭാഗത്തെ ഒന്നടങ്കം ഭീകരസംഘടനയായി മുദ്രകുത്തിയുള്ള വിചിത്ര നീക്കവുമായി യുഎസ് ഭരണകൂടം മുന്നോട്ട് പോവുന്നത്.
ഇറാന്‍ ആണവക്കരാറില്‍ നിന്ന് യുഎസ് ഏകപക്ഷീയമായി പിന്‍വാങ്ങിയതിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായിരുന്നു. കരാറില്‍നിന്നു പിന്‍മാറി ഒരു വര്‍ഷത്തിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം. റവല്യൂഷനറി ഗാര്‍ഡ്‌സുമായി ഇടപാട് നടത്തുന്ന ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചിട്ടുണ്ട്.
അതിനിടെ, പശ്ചിമേഷ്യയിലെ യുഎസ് സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇറാനും തിരിച്ചടിച്ചു. ഇസ്രയേല്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന് നല്‍കിയ തിരഞ്ഞെടുപ്പു സമ്മാനമാണിതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് ശരീഫ് ട്വിറ്ററില്‍ കുറിച്ചു.
രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്ന നിലപാടാണ് ട്രംപ് ഭരണകൂടത്തിന്റേതെന്ന് ഇറാനിലെ ഔദ്യോഗിക ടിവി ചാനല്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ ഇറാനുണ്ടാകുന്ന സ്വാധീനവും ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരേ പോരാടുന്നതില്‍ ഇറാന്‍ നടത്തിയ മുന്നേറ്റവുമാണ് ഈ നടപടിക്കു പിന്നിലെന്നും ടിവിയിലെ പ്രത്യേക വിശകലന പരിപാടിയില്‍ സൂചിപ്പിച്ചു. 1979ല്‍ ഇറാനിലുണ്ടായ ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെയാണ് അതിര്‍ത്തി കാക്കുക എന്ന പാരമ്പര്യ സൈനിക രീതിക്കുപരിയായി രാജ്യത്തെ ആത്മീയ നേതൃത്വത്തിന് പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സിന് രൂപം നല്‍കിയത്.
ഇറാന്‍ സൈന്യത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച പ്രത്യേക വിഭാഗമാണ് റെവലൂഷണറി ഗാര്‍ഡ്. ഒന്നേകാള്‍ ലക്ഷത്തോളം വരും ഗാര്‍ഡ് അംഗങ്ങള്‍.

