രജീന്ദര്‍ സച്ചാര്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

മതാതീതമായി മനുഷ്യനെ കാണുന്നവരല്ല ഇന്ത്യയിലെ ഇടതുപക്ഷമെന്ന് കണക്കുകള്‍ കൊണ്ട് തെളിയിച്ചതും സച്ചാര്‍ ആയിരുന്നു. ബംഗാളിലെ മുസ്‌ലിം പിന്നാക്കാവസ്ഥക്കു മുമ്പില്‍ സിപിഎം സര്‍ക്കാറുകള്‍ക്ക് ഉത്തരം മുട്ടിയെന്ന് മാത്രമല്ല പിന്നീടത് ബംഗാളില്‍ പാര്‍ട്ടിയുടെ പതനത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായി മാറുകയും ചെയ്തു.

Update: 2019-04-19 19:34 GMT



ന്യൂഡല്‍ഹി: പ്രമുഖ ന്യായാധിപനും മനുഷ്യാവകാശ പ്രവര്‍ത്തകനും സച്ചാര്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന രജീന്ദര്‍ സച്ചാര്‍ ഓര്‍മയായിട്ട് ഇന്നേക്ക്(ഏപ്രില്‍ 20)ഒരു വര്‍ഷം തികയുന്നു. വാര്‍ദ്ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന് 94 ാം വയസ്സില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അദ്ദേഹം വിടപറഞ്ഞത്.

ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്നു രജീന്ദര്‍ സച്ചാര്‍ സാമൂഹിക കാഴ്ച്ചപ്പാടുള്ള ന്യായാധിപനായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം കൊടുത്തിരുന്ന സച്ചാര്‍ മരണം വരേ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ശബ്ദമുയര്‍ത്തി.

ന്യൂനപക്ഷങ്ങുടേയും ദുര്‍ബലരുടെയും മനുഷ്യാവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍ ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. യു.പി.എ ഭരണത്തില്‍ ന്യൂനപക്ഷങ്ങളെ കുറിച്ച് പഠനം നടത്താന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദര്‍ സച്ചാറിനെയായിരുന്നു നിയോഗിച്ചിരുന്നത്. രജീന്ദര്‍ സച്ചാറിനെ കീഴില്‍ നിയോഗിച്ചിരുന്ന ഈ ഏഴംഗ സമിതിയാണ് ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചു കാട്ടുന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.



ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക അവസ്ഥയെ കുറിച്ചുള്ള 403 പേജുളള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 2006 നവംബറിലാണ് സമര്‍പ്പിച്ചത്. മുസ്‌ലിംങ്ങള്‍ക്കിടയിലെ പിന്നോക്കാവസ്ഥ പ്രകടമാക്കിയ സച്ചാര്‍ സമിതിയുടെ കണ്ടെത്തലുകള്‍ രാജ്യത്തെ മുസ്‌ലിം അസമത്വത്തെ സംബന്ധിച്ചുള്ള പൊതു ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കുന്നതായി.

പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാരെ അപേക്ഷിച്ച് മുസിലിംങ്ങള്‍ക്കിടയില്‍ കൂടുതല്‍ പിന്നോക്കാവസ്ഥ ഉണ്ടെന്ന കാര്യം സച്ചാര്‍ റിപ്പോര്‍ട്ടിലൂടെയാണ് വെളിപ്പെട്ടത്. 1952 ഏപ്രിലിലെ അഭിഭാഷകനായി പ്രവര്‍ത്തിച്ച സച്ചാര്‍ 1960 മുതല്‍ സുപ്രീംകോടതിയില്‍ തുടക്കം കുറിച്ചു. ഒരു ദശാബ്ദത്തിനു ശേഷം 1972 ജൂലായില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. തുടര്‍ന്ന് 1985 ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതിചീഫ് ജസ്റ്റിസായി സച്ചാര്‍ നിയമിതനായി.

1985 ആഗസ്റ്റ് 6 മുതല്‍ 1985 ഡിസംബര്‍ 22 വരെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. മതേതരത്വം എന്ന സങ്കല്‍പ്പത്തോട് ഏറ്റവുമധികം നീതി പുലര്‍ത്തിയ ഇന്ത്യക്കാരന്‍ എന്നാണ് സച്ചാറിനെ ലോകം അടയാളപ്പെടുത്തിയത്. ദേശീയത എന്ന പേരില്‍ അറിയപ്പെടുന്ന ഹിന്ദുത്വ വര്‍ഗീയത ഇന്ത്യ എന്ന രാജ്യത്തെ അധികമൊന്നും മുന്നോട്ടു കൊണ്ടുപോവില്ലെന്ന ദീര്‍ഘ വീക്ഷണമുള്ള രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു സച്ചാര്‍. രാജ്യം എന്നത് ഗവണ്‍മെന്റുകളല്ലെന്നും അതിലെ മനുഷ്യരും അവരുടെ ജീവിതവുമാണെന്നും സച്ചാര്‍ എന്നും ഇന്ത്യക്കാരനെ ഓര്‍മിപ്പിച്ചു.



മതാതീതമായി മനുഷ്യനെ കാണുന്നവരല്ല ഇന്ത്യയിലെ ഇടതുപക്ഷമെന്ന് കണക്കുകള്‍ കൊണ്ട് തെളിയിച്ചതും സച്ചാര്‍ ആയിരുന്നു. ബംഗാളിലെ മുസ്‌ലിം പിന്നാക്കാവസ്ഥക്കു മുമ്പില്‍ സിപിഎം സര്‍ക്കാറുകള്‍ക്ക് ഉത്തരം മുട്ടിയെന്ന് മാത്രമല്ല പിന്നീടത് ബംഗാളില്‍ പാര്‍ട്ടിയുടെ പതനത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായി മാറുകയും ചെയ്തു.

സച്ചാര്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന അബൂസാലിഹ് ശരീഫ് ഒരിക്കല്‍ പറഞ്ഞു: ''അല്ലാഹുവും പ്രവാചകനും കഴിഞ്ഞാല്‍ ഇന്ത്യന്‍ മുസ്‌ലിം ഏറ്റവുമധികം സ്‌നേഹിക്കുക ജസ്റ്റിസ് സച്ചാറിനെയായിരിക്കും.'' മുസ്‌ലിംകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും അവരുടെ അസ്തിത്വം അംഗീകരിപ്പിക്കാനും സ്വതന്ത്ര ഇന്ത്യയില്‍ ഒരു നേതാവിനും അവകാശപ്പെടാനാവാത്ത നേട്ടമായിരുന്നു സച്ചാറിന്റേത്.

മുസ്‌ലിം സമൂഹത്തിന് തുല്യ പങ്കാളിത്തവും അവസര സമത്വവും ഉറപ്പുവരുത്തി അവരെ പൊതുധാരയില്‍ കൊണ്ടുവരികയാണ് പിന്നാക്കാവസ്ഥ മാറ്റിയെടുക്കാനുള്ള പ്രഥമ ഉപാധിയായി സച്ചാര്‍ മുന്നോട്ടു വെച്ചത്. ആവാസ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലാണ് ഈ അസമത്വം നിലനില്‍ക്കുന്നതെന്നും സച്ചാര്‍ ചൂണ്ടിക്കാട്ടി. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് മുസ്‌ലിംകളെ പൊതുസമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട കള്ളക്കഥകള്‍ മെനയുകയാണ് ഭരണകൂടം ചെയ്തതെങ്കില്‍ മോദിയുടെ കാലത്ത് മുസ്‌ലിം വിരോധം ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് പടര്‍ത്തുന്നതാണ് കാണാനാവുക. ബീഫ് കയറ്റുമതിയില്‍ ലോകരാജ്യങ്ങളുടെ ഇന്ത്യ ആദ്യമായി മുന്നിലെത്തിയത് മോദി കാലത്താണ്. പക്ഷേ ബീഫ് തിന്നുന്നതിന്റെ പേരില്‍ ഏറ്റവുമധികം മുസ്‌ലിംകള്‍ കൊലചെയ്യപ്പെട്ടതും കഴിച്ചത് ഏത് മാംസമായാലും ബീഫിന്റെ പേരില്‍ മുസ്‌ലിമിനെ തല്ലിക്കൊല്ലാമെന്ന് വന്നതും നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്താണ്. ഇന്ത്യയില്‍ ബീഫ് കയറ്റുമതി നടത്തുന്നവരുടെ 95 ശതമാനവും ഹിന്ദുക്കളാണെന്ന വിരോധാഭാസം മഥുരയില്‍ നടന്ന ഒരു സെമിനാറില്‍ സച്ചാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു.

രജീന്ദര്‍ സച്ചാറിന്റെ രണ്ടാം ഭാഷയായിരുന്നു ഉര്‍ദു. ലാഹോറിലെ ഏതൊരാളുടെയും ഭാഷ പഞ്ചാബി ആയതുകൊണ്ടാണ് താന്‍ പഞ്ചാബി ഭാഷ സംസാരിക്കുന്നതെന്നും അസ്സലായി ഉര്‍ദുവില്‍ പ്രസംഗിക്കാനറിയാമെന്നും സച്ചാര്‍ ഒരു മദ്‌റസാ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കവെ പറയുകയുണ്ടായി.



മുസ്ലിംകളോട് അവരുടെ ഹൃദയത്തിന്റെ ഭാഷയില്‍ സംവദിക്കുകയാണ് സച്ചാര്‍ ചെയ്തത്. പലപ്പോഴും അദ്ദേഹം ചോദിച്ചു: 'എന്താണ് വിശുദ്ധ ഖുര്‍ആനിലെ ആദ്യത്തെ വാചകം? വായിക്കുക എന്നല്ലേ? എന്നിട്ടും എന്തുകൊണ്ട് നിങ്ങള്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയുമൊക്കെ വായനയുടെ ലോകത്തു നിന്ന് വിലക്കി നിര്‍ത്തുന്നു?' വിദ്യാഭ്യാസമേഖലയില്‍ മുസ്ലിം സമൂഹം പിന്നാക്കം പോയതാണ് നിലവിലെ ദുരവസ്ഥയുടെ മൂലകാരണമെന്ന് സച്ചാര്‍ മിക്ക വേദികളിലും ചൂണ്ടിക്കാട്ടാറുണ്ടായിരുന്നു.

ജസ്റ്റിസ് വി.എം താര്‍ക്കുണ്ടെയെ പോലുള്ളവരോടൊപ്പം പീപ്പ്ള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസില്‍ (പി.യു.സി.എല്‍) ദീര്‍ഘകാലം പ്രവര്‍ത്തിച്ച സച്ചാര്‍ കപട ഭീകരാക്രമണങ്ങളും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തുറന്നുകാട്ടുന്ന എല്ലാ നീക്കങ്ങളോടുമൊപ്പം നിന്നു. ഇതൊക്കെ തന്നേയാണ് സച്ചാര്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്ക് നല്‍കിയ ഏറ്റവും വലിയ നന്മ.

Tags:    

Similar News