ആര്‍എസ്എസ് മോധാവിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ച് ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍

മോഹന്‍ ഭഗവത് കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തി ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

Update: 2022-09-22 17:15 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി. മോഹന്‍ ഭഗവത് കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തി ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.


'തന്റെ ക്ഷണം സ്വീകരിച്ച് മോഹന്‍ ഭഗവത് ജി ഇന്ന് എത്തിയിരുന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം വളരെ നല്ല സന്ദേശമാണ് പകരുക. തങ്ങള്‍ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്, പക്ഷേ, ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് തങ്ങള്‍ കരുതുന്നു'-ഇല്യാസിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇല്ല്യാസിയുമായി അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം മോഹന്‍ ഭഗവത് ചര്‍ച്ച നടത്തി. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോഹന്‍ ഭഗവത് മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്.

മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി, മുന്‍ ദില്ലി ഗവര്‍ണര്‍ നജീബ് യുങ്, അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാല മുന്‍ ചാന്‍സിലര്‍ സമീര്‍ ഉദ്ദിന്‍ ഷാ, മുന്‍ എംപി ഷാഹിദ് സിദിഖി, ബിസിനസുകാരന്‍ സയീദ് ഷെര്‍വാണി എന്നിവരുമായി അടുത്തിടെ മോഹന്‍ ഭഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: