അഖിലിനെ കുത്തിയത് കൊല്ലാൻ വേണ്ടിയെന്ന് റിമാൻഡ് റിപോർട്ട്

‘‘നിയൊക്കെ ഇവിടെക്കിടന്ന്‌ വിളഞ്ഞാൽ നിന്നെയൊക്കെ കുത്തികൊല്ലുമെടാ’’ എന്നു പറഞ്ഞ്‌ ഒന്നാം പ്രതി ശിവരഞ്ജിത്‌ കത്തികൊണ്ട്‌ അഖിലിന്റെ നെഞ്ചിന്‌ താഴെ കുത്തിയെന്ന്‌ റിപോർട്ടിൽ പറയുന്നു.

Update: 2019-07-17 18:27 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ എസ്‌എഫ്‌ഐ. പ്രവർത്തകനായ അഖിലിനെ യൂനിറ്റ്‌ ഭാരവാഹികൾ കുത്തിയത്‌ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണെന്ന്‌ പോലിസ്. ജുഡീഷ്യൽ ഫസ്റ്റ്‌ ക്ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിച്ച റിമാൻഡ്‌ റിപോർട്ടിലാണ്‌ പോലിസ് ഇക്കാര്യം വ്യക്തമാക്കുന്നത്‌. 


പ്രതികളെ റിമാൻഡ്‌ ചെയ്തില്ലെങ്കിൽ അവർ വീണ്ടും കോളജിലെത്തി സമാധാന അന്തരീക്ഷം തകർക്കും. കലാപവും അക്രമവും ഉണ്ടാക്കി മറ്റ്‌ വിദ്യാർഥികളുടെ പഠനംമുടക്കാൻ സാധ്യതയുണ്ടെന്നും പോലിസ് കോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ പറയുന്നു. ഈ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്തു. സംഭവത്തിനു കുറച്ചു ദിവസം മുൻപ്‌ കോളേജ്‌ കാന്റീനിൽവച്ച്‌ ആനാട്‌ സ്വദേശിയും ബി.എ. മലയാളം വിദ്യാർഥിയുമായ ഉമൈർഖാൻ പാട്ടുപാടിയിരുന്നു.

ഇതിനെ പ്രതികൾ ചോദ്യം ചെയ്തതിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. സംഭവദിവസം കോളജ്‌ സ്റ്റേജിന്‌ സമീപമുള്ള മരച്ചുവട്ടിൽ ഉമൈർ ഇരുന്നതിനെ പ്രതികൾ ചോദ്യം ചെയ്ത്‌ മർദിച്ചു. മർദനത്തിൽ വിദ്യാർഥികൾ കൂട്ടമായി പ്രതിഷേധിച്ചു. ഉമൈറിനെ മർദിച്ച്‌ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്‌ തടഞ്ഞ അഖിലിനെ പ്രതികൾ കത്തികൊണ്ട്‌ കുത്തുകയായിരുന്നു. 


''നിയൊക്കെ ഇവിടെക്കിടന്ന്‌ വിളഞ്ഞാൽ നിന്നെയൊക്കെ കുത്തികൊല്ലുമെടാ'' എന്നു പറഞ്ഞ്‌ ഒന്നാം പ്രതി ശിവരഞ്ജിത്‌ കത്തികൊണ്ട്‌ അഖിലിന്റെ നെഞ്ചിന്‌ താഴെ കുത്തിയെന്ന്‌ റിപോർട്ടിൽ പറയുന്നു. കേസിലെ പ്രതിയായ ആദിൽ മുഹമ്മദ്‌ മറ്റൊരു ആക്രമണക്കേസിലെ അഞ്ചാം പ്രതിയാണെന്നും റിപോർട്ടിലുണ്ട്‌.

ആയുധവുമായി സംഘം ചേരൽ, കലാപം ഉണ്ടാക്കൽ, അസഭ്യം പറയൽ, മർദ്ദിച്ച്‌ പരിക്കേൽപ്പിക്കൽ, വധശ്രമം, അന്യായമായി തടഞ്ഞവയ്‌ക്കൽ, കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ്‌ പോലിസ് ചുമത്തിയിട്ടുള്ളത്‌. കൈവിരലിൽ മുറിവുള്ളതിനാൽ പുറത്ത്‌ ചികിത്സ ഏർപ്പെടുത്തണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി. അഭിഭാഷകനോട്‌ പുറത്ത്‌വച്ച്‌ സംസാരിക്കണമെന്ന്‌ ഒന്നും രണ്ടും പ്രതികൾ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. 

Tags:    

Similar News