ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ മോചനം: ഇളവ് നല്‍കല്‍ നയത്തിന്റെ ദുരുപയോഗം- എന്‍ഡബ്ല്യുഎഫ്

Update: 2022-08-19 13:11 GMT

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനത്തെ നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ലുബ്‌ന മെന്‍ഹാസ് ശക്തമായി അപലപിച്ചു. പ്രതികളുടെ മോചനം ഇളവ് നല്‍കല്‍ നയത്തിന്റെ ദുരുപയോഗമാണ്. നീതിക്ക് മേല്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിജയമാണിതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഗുജറാത്തില്‍ നിരപരാധികളായ മുസ്‌ലിംകളെ വംശഹത്യ ചെയ്ത 2002 മുതല്‍, ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്,'' അവര്‍ പറഞ്ഞു.

വംശഹത്യാ വേളയില്‍ നടന്ന ഏറ്റവും ഹീനമായ ക്രൂരതകളില്‍ ഒന്നില്‍ ജീവനോടെ ബാക്കിയായ ബില്‍ക്കിസ് ബാനുവെന്ന ഒരു സാധാരണ മുസ്‌ലിം വീട്ടമ്മയുടെ അതിധീരമായ നിയമപോരാട്ട ഫലമായി പ്രതികള്‍ ശിക്ഷിക്കപ്പെട്ട അപൂര്‍വം കേസുകളില്‍ ഒന്നാണ് ഈ കേസ്. അഞ്ചുമാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗത്തിന് ഇരയായതിന് പുറമെ, രണ്ട് വയസായ തന്റെ കുട്ടിയുടെയും ഏഴ് കുടുംബാംഗങ്ങളുടെയും അതിക്രൂരമായ വധത്തിന് ദൃക്‌സാക്ഷിയാവേണ്ടതായും വന്നു. ഈ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരിന്ന് ജയില്‍മോചിതരായിരിക്കുകയാണ്. മുസ്‌ലിം കൂട്ടക്കൊലയിലെ ഹിന്ദുത്വരായ കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി നടത്തപ്പെടുന്ന അധികാര ദുര്‍വിനിയോഗത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ പൊതുസമൂഹം തയ്യാറാവണമെന്ന് ലുബ്‌ന മെന്‍ഹാസ് അഭ്യര്‍ഥിച്ചു.

Tags:    

Similar News