ജാമ്യ വ്യവസ്ഥയിലെ ഇളവ്; മഅ്ദനി നാളെ കേരളത്തിലെത്തും

Update: 2023-07-19 08:38 GMT

തിരുവനന്തപുരം: ജാമ്യവ്യവസ്ഥയില്‍ സുപ്രിംകോടതി ഇളവ് നല്‍കിയതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നാളെ കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം കൊല്ലം അന്‍വാര്‍ശ്ശേരിയിലേക്ക് പോവുമെന്നാണ് റിപോര്‍ട്ട്. ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ബെംഗളൂരുവില്‍ കഴിയുന്ന മഅ്ദനിക്ക് ചികില്‍സയ്ക്കും രോഗശയ്യയിലായ പിതാവിനെ കാണാനും കേരളത്തിലേക്ക് പോവാന്‍ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, കടുത്ത ജാമ്യവ്യവസ്ഥയായതിനാല്‍ കേരളത്തിലെത്തിയിട്ടും കൊല്ലത്തുള്ള പിതാവിനെ കാണാന്‍ കഴിയാതെ മടങ്ങിയിരുന്നു. തുടര്‍ന്ന് വീണ്ടും സുപ്രിംകോടതിയെ സമീപിച്ചപ്പോഴാണ് വിചാരണ പൂര്‍ത്തിയാവുന്നതു വരെ കേരളത്തില്‍ തുടരാന്‍ അനുമതി നല്‍കിയത്. 15 ദിവസത്തിലൊരിക്കല്‍ ഏറ്റവും അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ മഅ്ദനി ഹാജരാവണമെന്നും കൊല്ലം ജില്ലയില്‍ തങ്ങണമെങ്കിലും ചികില്‍സാ ആവശ്യാര്‍ത്ഥം ജില്ല വിടാമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിസ്താരം അവസാന ഘട്ടത്തില്‍ എത്തിയത് പരിഗണിച്ചായിരുന്നു സുപ്രിംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്.

Tags:    

Similar News