ചികില്‍സാ സഹായത്തിന്റെ പേരില്‍ കൂട്ട ബലാല്‍സംഗം; മൂന്നു പേര്‍ അറസ്റ്റില്‍

Update: 2021-10-09 15:03 GMT

കല്‍പറ്റ: ചികിത്സാസഹായം നല്‍കാമെന്ന് പറഞ്ഞ് എറണാകുളത്ത് കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സ്‌നേഹ ദാനം ചാരിറ്റി പ്രവര്‍ത്തകനായ മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ വീട്ടില്‍ ഷംഷാദ് (24), ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ് (23), അമ്പലവയല്‍ ചെമ്മനക്കോട് വീട്ടില്‍ സൈഫു റഹ്മാന്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുല്‍പ്പള്ളി സ്വദേശിനിയായ 38 വയസുള്ള യുവതിയെ ചികിത്സയും ചികിത്സ ധനസഹായവും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയി ഒരു ഹോട്ടലില്‍ മുറിയെടുത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് മൂന്ന് പേരും അറസ്റ്റിലായത്.

സുല്‍ത്താന്‍ബത്തേരി സബ്ഡിവിഷന്‍ ഡിവൈഎസ്പി പ്രദീപ് കുമാര്‍ വി എസ്, പുല്‍പ്പള്ളി പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാര്‍ കെ ജി, പുല്‍പ്പള്ളി എസ് ഐ ജിതേഷ് കെ എസ്, പുല്‍പ്പള്ളി സ്‌റ്റേഷനിലെ പോലിസുകാരായ മുരളീദാസ് എന്‍ വി ഹാരിസ്, അബ്ദുള്‍ നാസര്‍, വിനീഷ് വി എം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാംപ്രതി ഷംഷാദ് സ്‌നേഹദാനം എന്ന ചാരിറ്റബിള്‍ സംഘടനയുടെ പ്രധാന ഭാരവാഹിയാണ്. പ്രതികളെ തെളിവെടുപ്പിനുശേഷം സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാരാക്കി റിമാന്റ് ചെയ്തു.

Tags: