രാമ നവമിയില്‍ ജെഎന്‍യുവിലെ എബിവിപി ആക്രമണം: പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ഥി യൂനിയന്‍

Update: 2022-04-12 01:33 GMT

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ എബിവിപി ആക്രമണത്തിനെതിരായ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥി യൂണിയന്‍. അക്രമത്തിന് നേത്യത്വം നല്‍കിയ എബിവിപി പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധം കടുപ്പിക്കാനിരിക്കുകയാണ് വിദ്യാര്‍ഥി യൂനിയന്‍.

ജെഎന്‍യു വിദ്യാര്‍ഥി യൂനിയനും ഇടതു വിദ്യാര്‍ത്ഥി സംഘടനകളും നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലിസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. എന്നാല്‍, ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥി യൂനിയന്‍.

ഇതിനിടെ രാമനവമി ദിനത്തിലെ പൂജ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന വിശദികരണവുമായി ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെത്തി. എബിവിപി വാദം ആവര്‍ത്തിക്കുക മാത്രമാണ് അഡ്മിനിട്രേഷന്‍ ചെയ്‌തെന്നും യഥാര്‍ത്ഥ സംഭവങ്ങള്‍ മറച്ചുവെക്കുകയാണെന്നും വിദ്യാര്‍നി യൂനിയന്‍ ആരോപിച്ചു. അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് എബിവിപി നല്‍കിയ പരാതിയിലും പോലിസ് കേസെടുത്തു.

മാംസഹാരം വിളമ്പുന്നതിനെ ചൊല്ലിയാണ് ജെഎന്‍യുവില്‍ സംഘര്‍ഷം ഉടലെടുത്തത്. കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 16 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഹോസ്റ്റലുകളില്‍ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

Tags:    

Similar News