കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും

വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സെഷനില്‍ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു.

Update: 2020-01-25 09:45 GMT

ജയ്പുര്‍: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളത്തിനും പഞ്ചാബിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പ്രമേയം പാസാക്കി. ഇതില്‍ പ്രതിഷേധിച്ച ബിജെപിയുടെ നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നിയമസഭയ്ക്ക് പുറത്തേക്ക് പോയി.

വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സെഷനില്‍ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേള്‍ക്കാന്‍ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരു പുനര്‍വിചിന്തനം നടത്തണമെന്നു കേന്ദ്രസര്‍ക്കാരിനോട് തങ്ങള്‍ അഭ്യര്‍ഥിക്കുന്തനായും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്.

വിവാദ നിയമത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുമ്പോഴും നിയമം സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയ്യാറായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കൂടി കേട്ട ശേഷമേ തീരുമാനമെടുക്കാവു എന്നാണ് കോടതി നിലപാട്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നാലാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. വിവാദ നിമയത്തിനെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും ഉള്‍പ്പെടെ 140ല്‍ അധികം ഹരജികളാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്.

Tags:    

Similar News