റായ്പൂരില്‍ മുസ്‌ലിം യുവാവിന്റെ പാല്‍ വില്‍പനകേന്ദ്രം ബജ്‌റംഗ്ദള്‍ തകര്‍ത്തു

റായ്പൂരില്‍ മുസ്‌ലിം യുവാവ് നടത്തുന്ന പാല്‍ വില്‍പ്പന കേന്ദ്രം അടിച്ചുതകര്‍ത്തു. ബീഫ് വില്‍പന നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം

Update: 2019-05-27 09:14 GMT

റായ്പൂര്‍: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ഛത്തീസ്ഗഢിലെ റായ്പൂരില്‍ മുസ്‌ലിം യുവാവ് നടത്തുന്ന പാല്‍ വില്‍പ്പന കേന്ദ്രം അടിച്ചുതകര്‍ത്തു. ബീഫ് വില്‍പന നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ശനിയാഴ്ച വൈകീട്ടാണു സംഭവം നടന്നത്.

റായ്പുരിലെ ഗോകുല്‍ നഗറില്‍ സ്ഥിതിചെയ്യുന്ന ഉസ്മാന്‍ ഖുറേഷിയുടെ പാല്‍ വില്‍പന കേന്ദ്രത്തിലേക്ക് ഗോ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരച്ചുകയറി ഖുറേഷിയെയും സഹായിയേയും ക്രൂരമായി മര്‍ദിക്കുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്‌തെന്ന് പോലിസ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിനു തൊട്ടുപിന്നാലെ ഞായറാഴ്ച രാവിലെ 50ഓളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഡിഡി നഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഖുറേഷിക്കും സഹായിക്കുമെതിരേ ഗോവധ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ കട അടിച്ചുതകര്‍ത്തതിനു അങ്കിത് ദ്വിവേദി, അമര്‍ജീത് സിംഗ്, ശുഭങ്കര്‍ ദ്വിവേദി എന്നീ മൂന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു.

രണ്ട് ദിവസം മുമ്പ് മധ്യപ്രദേശിലും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സമാന ആക്രമണം നടത്തിയിരുന്നു. രണ്ട് മുസ്‌ലിം യുവാക്കളെയും ഒരു യുവതിയെയും ബീഫ് കൈവശം വച്ചെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു. ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടിയായിരുന്നു ഓരോരുത്തരെയും ആക്രമിച്ചത്.

2017ല്‍ ബീഫ് കഴിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട കോളജ് അധ്യാപകനെ ജാര്‍ഖണ്ഡില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ 2017ലാണ് എബിവിപി പരാതി നല്‍കിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് ചെയ്തത്.  

Tags:    

Similar News