ഇന്ത്യാക്കാരോട് പൗരത്വം ചോദിക്കാന്‍ മോദിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി എംപി

മോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയാണ്. അദാനിക്ക് ഇന്ത്യയിലെ സകലതും വിറ്റു കഴിഞ്ഞു. ഇന്ത്യയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ചു. ഭരണം കിട്ടിയതിന് ശേഷം രാജ്യത്തെ ഭിന്നിപ്പിച്ചു കഴിഞ്ഞെന്നും അഹിംസയുടെയും സത്യത്തിന്റെ സമാധാനത്തിന്റെയും മുഴുവന്‍ ആശയത്തെയും പ്രാധാനമന്ത്രി വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Update: 2020-01-30 09:15 GMT

കല്‍പ്പറ്റ: ഇന്ത്യാക്കാരോട് പൗരത്വം ചോദിക്കാന്‍ നരേന്ദ്ര മോദിക്ക് അധികാരം നല്‍കിയെതെന്ന് ആരെന്ന് രാഹുല്‍ ഗാന്ധി എംപി. മഹാത്മ ഗാന്ധിയുടെ രക്ത സാക്ഷിത്വദിനത്തില്‍ കല്‍പറ്റയില്‍ നടത്തിയ ഭരണ സംരക്ഷണ യാത്രക്ക് ശേഷം നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധി ഘാതകനായ ഗോഡ്‌സയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ ആരാണ് മോദിക്ക് ലൈസന്‍സ് നല്‍കിയതെന്നും ഞാന്‍ ഒരു ഇന്ത്യക്കാരണാനെന്നും എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. മോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയാണ്. അദാനിക്ക് ഇന്ത്യയിലെ സകലതും വിറ്റു കഴിഞ്ഞു. ഇന്ത്യയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ചു. ഭരണം കിട്ടിയതിന് ശേഷം രാജ്യത്തെ ഭിന്നിപ്പിച്ചു കഴിഞ്ഞെന്നും അഹിംസയുടെയും സത്യത്തിന്റെ സമാധാനത്തിന്റെയും മുഴുവന്‍ ആശയത്തെയും പ്രാധാനമന്ത്രി വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ യുവാക്കള്‍ പരീക്ഷണങ്ങളില്‍നിന്നു പരീക്ഷണങ്ങളിലേക്ക് എടുത്തെറിയപ്പെടുകയാണ്.ഒരു കാലത്തും ജോലി ലഭിക്കാത്തവരും സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയാത്തവരും ആയി രാജ്യത്തെ യുവജനങ്ങളെ മാറ്റി. സകല മേഖലയും മോദി ഭരണത്തില്‍ തകര്‍ന്നതായും രാഹുല്‍ പറഞ്ഞു. രാവിലെ പത്തരയോടെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കനു പേരാണ് ദേശീയ പതാകകളുമേന്തി അണിനിരന്നത്. ഭരണ ഘടനയുടെ ആമുഖവും ഗാന്ധിയുടെ ചിത്രവും റാലിയില്‍ ഉയര്‍ന്നു.

എസ്‌കെഎംജെ പരിസരത്ത് നിന്നാരംഭിച്ച റാലി പുതിയ സ്റ്റാന്‍ഡില്‍ സമാപിച്ചു. രാഹുലിനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദ്ദീഖ് അലി ശിഹാബ് തങ്ങള്‍, വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍, എ പി അനില്‍ കൂമാര്‍ എംഎല്‍എ, പി സി വിഷ്ണുനാഥ് മറ്റ് യുഡിഎഫ് നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഒരുമണിയോടെ വയനാട്ടിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ മടങ്ങി.

Tags:    

Similar News