ഇത് ചരിത്രം; പ്രഥമ പൊതുതിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ ഖത്തര്‍ ജനത

45 അംഗ ശൂറാ കൗണ്‍സിലില്‍ മൂന്നില്‍ രണ്ടു സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

Update: 2021-10-02 15:11 GMT

ദോഹ: ഖത്തറിന്റെ ചരിത്രത്തിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പിലെ വോട്ടിങ് പുരോഗമിക്കുകയാണ്. ഗള്‍ഫ് രാജ്യത്തെ പൗരന്‍മാര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയെന്ന നിലയിലാണ് വിശകലന വിദഗ്ധര്‍ ഇതിനെ നോക്കി കാണുന്നത്. 45 അംഗ ശൂറാ കൗണ്‍സിലില്‍ മൂന്നില്‍ രണ്ടു സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ എട്ടിന് ആരംഭിച്ച വോട്ടിങ് പ്രാദേശിക സമയം വൈകീട്ട് ആറിന് അവസാനിക്കും. രാത്രിയോടെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത വര്‍ഷത്തെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ സമൂലമായ മാറ്റത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് പൗരന്‍മാര്‍ക്ക് പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്.

45 അംഗ സഭയില്‍ 30 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 18 വയസ് തികഞ്ഞ ഖത്തരി പൗരന്‍മാര്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളെതുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രധാനമായും പ്രചാരണങ്ങള്‍ നടന്നത്.

294 മല്‍സരാര്‍ഥികളില്‍ 29 പേര്‍ സ്ത്രീകളാണെന്നതും എടുത്ത് പറയേണ്ട വസ്തുതയാണ്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നേരത്തെ ഖത്തറില്‍ നടക്കാറുണ്ട്. കുവൈത്തിന് ശേഷം നിയമനിര്‍മാണ സഭയിലേക്ക് പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന ആദ്യ ജിസിസി രാജ്യമാണ് ഖത്തര്‍.

ഖത്തറിലെ ആകെ ജനസംഖ്യ 28 ലക്ഷത്തോളം വരുമെങ്കിലും ഇതില്‍ 10 ശതമാനമേ ഖത്തരി പൗരന്‍മാരുള്ളൂ. മൂന്ന് ലക്ഷത്തില്‍ താഴെമാത്രമാണ് രാജ്യത്തെ പൗരന്‍മാരുള്ളത്. ഇതില്‍ എല്ലാവര്‍ക്കും വോട്ടവകാശവുമില്ല. സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ടുകള്‍ ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ വോട്ട് രേഖപ്പെടുത്തി വിജയിയെ തീരുമാനിക്കും.

30 ശൂറാ കൗണ്‍സില്‍ അംഗങ്ങളെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുമ്പോള്‍ ബാക്കി 15 പേരെ ഖത്തര്‍ അമീര്‍ നോമിനേറ്റ് ചെയ്യും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കായിരിക്കും മുന്‍ഗണന.രാജ്യത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന പൊതു നയങ്ങള്‍, പൊതു ബജറ്റ് എന്നീ കാര്യങ്ങളില്‍ ഇടപെടാനും അതിനാവശ്യമായ നിയമനിര്‍മാണം നടത്താനുമാണ് ശൂറാ കൗണ്‍സിലിന് അനുമതിയുള്ളത്.

അതേസമയം, പ്രതിരോധം, സുരക്ഷ, സാമ്പത്തികനിക്ഷേപ നയങ്ങള്‍ എന്നിവയില്‍ ശൂറാ കൗണ്‍സിലിന് ഇടപെടാനാവില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധനമുള്ള രാജ്യമാണ് ഖത്തര്‍. 2003ലാണ് പൊതു തിരഞ്ഞെടുപ്പ് നടത്താന്‍ ഹിതപരിശോധനയിലൂടെ തീരുമാനം ആയത്.ഖത്തറിനെ 30 ജില്ലകളാക്കി തിരിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. ഓരോ ജില്ലകളില്‍ നിന്നും ഓരോ അംഗത്തെ തിരഞ്ഞെടുക്കും. പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് മുഖ്യപങ്കാളിത്തമുണ്ടാകും. ഇതിന് വേണ്ട പദ്ധതികള്‍ സമര്‍പ്പിക്കാം. പുതിയ പരീക്ഷണത്തിന്റെ പാതയിലാണ് ഖത്തര്‍ എന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറയുന്നു.

അതേസമയം, പുതിയ തിരഞ്ഞെടുപ്പ് നിയമ പ്രകാരം ചില ഖത്തരി ഗോത്രങ്ങളിലെ നേതാക്കള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശം നല്‍കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് ആയിരക്കണക്കിന് പൗരന്‍മാരെ ഒഴിവാക്കിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു.

Tags:    

Similar News