ഖത്തര്‍ വിദേശകാര്യ മന്ത്രി കാബൂളില്‍; അഫ്ഗാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

Update: 2021-09-13 09:26 GMT

കാബൂള്‍: ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെത്തി. പുതുതായി നിയമിതനായ പ്രധാനമന്ത്രി മുഹമ്മദ് ഹസന്‍ അഖുന്ദുമായി ചര്‍ച്ച നടത്തി.

അഫ്ഗാനില്‍ സമാധാനം പ്രോല്‍സാഹിപ്പിക്കുന്നതിനെ കുറിച്ചും കാബൂള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. എല്ലാവര്‍ക്കും യാത്ര ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും സൗകര്യവും ഒരുക്കണമെന്ന് ചര്‍ച്ചയില്‍ ധാരണയായി. അഫ്ഗാന്റെ സുസ്ഥിരതയ്ക്ക് ഭീഷണിയാവുന്ന ഭീകര സംഘടനകളെ സംയുക്തമായി നേരിടുന്ന കാര്യവും ചര്‍ച്ച ചെയ്തു.

ദേശീയ അനുരഞ്ജനത്തില്‍ എല്ലാ അഫ്ഗാന്‍ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളിക്കണമെന്ന് ആല്‍ഥാനി ആഹ്വാനം ചെയ്തു. മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, ദേശീയ അനുരഞ്ജന സമിതി ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല എന്നിവരുമായും ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി ചര്‍ച്ച നടത്തി.

Tags:    

Similar News