പുല്‍വാമ ആക്രമണം: ജവാന്‍ വസന്തകുമാറിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും

സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത്കുമാര്‍ പുഷ്പചക്രം അര്‍പ്പിച്ചു

Update: 2019-02-15 20:59 GMT

വയനാട്: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ മൃതദേഹം ഇന്ന് ശനിയാഴ്ച രാവിലെ 8.55 ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരും. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതിക ശരീരം വയനാട്ടിലേക്ക് കൊണ്ടുപോവും. തുടര്‍ന്ന് ലക്കിടി ഗവ എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം തൃക്കൈപറ്റ വില്ലേജിലുള്ള മുക്കംകുന്ന് എന്ന സ്ഥലത്ത് സംസ്ഥാന സര്‍ക്കാരിന്റെ സൈനിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് വയനാട് ജില്ലാ കലക്്ടര്‍ അറിയിച്ചു. നേരത്തേ, വസന്തകുമാറിന്റെ ഭൗതികദേഹം ഡല്‍ഹി പാലം വിമാനത്താവളത്തില്‍ കൊണ്ടുവന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത്കുമാര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

    ലക്കിടിയിലെ പൂക്കോട് വെറ്റിനറി കോളജിനു സമീപം കുറുമ കോളിനിയിലെ കുന്നത്തിടവക വാഴക്കണ്ടി വീട്ടില്‍ വസന്തകുമാറിന്റെ ഭാര്യ ഷീനപൂക്കോട് വെറ്റിനറി കോളജിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. മൂന്നാംക്ലാസുകാരിയായ അനാമികയും യുകെജി വിദ്യാര്‍ത്ഥിയായ അമര്‍ദീപുമാണ് മക്കള്‍. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് വസന്തകുമാര്‍ സിആര്‍പിഎഫില്‍ ചേര്‍ന്നത്. കഴിഞ്ഞ 18 വര്‍ഷമായി സൈനിക സേവനം ചെയ്തു വരുന്ന വസന്ത കുമാര്‍ രണ്ടുവര്‍ഷം കഴിഞ്ഞ് വിരമിക്കാന്‍ ഇരിക്കുകയായിരുന്നു. പഞ്ചാബിലായിരുന്ന വസന്തകുമാര്‍ സ്ഥാനം കയറ്റി കിട്ടിയാണ് ശ്രീനഗറില്‍ എത്തിയത്. ശ്രീനഗറിലേക്ക് മാറുന്നതിനു മുമ്പ് ലഭിച്ച 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയിരുന്ന വസന്തകുമാര്‍ ഈ മാസം ഒമ്പതിനാണ് ജമ്മു കശ്മീരിലേക്ക് പോയത്. എട്ടു മാസം മുമ്പ് വസന്തകുമാറിന്റെ പിതാവ് മരിച്ചിരുന്നു.





Tags:    

Similar News