സിസ്റ്റര്‍ ലൂസി കളപ്പുര താമസിക്കുന്ന എഫ്‌സിസി മഠത്തിലേക്ക് പ്രതിഷേധ പ്രകടനം

പ്രതിഷേധക്കാർ തന്നെ അസഭ്യം പറഞ്ഞതായി സിസ്റ്റർ ലൂസി കളപ്പുര ആരോപിച്ചു. ഇവരുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു.

Update: 2019-12-04 16:00 GMT

കൽപ്പറ്റ: ആത്മകഥ വിവാദമായതിന് പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുര താമസിക്കുന്ന എഫ്‌സിസി മഠത്തിലേക്ക് പ്രതിഷേധ പ്രകടനം. പ്രതിഷേധക്കാര്‍ സിസ്റ്റര്‍ ലൂസിക്കെതിരേ മുദ്രാവാക്യം മുഴക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് വിവരം. ക്രൈസ്തവ സഭയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം.

അതേസമയം പ്രതിഷേധക്കാർ തന്നെ അസഭ്യം പറഞ്ഞതായി സിസ്റ്റർ ലൂസി കളപ്പുര ആരോപിച്ചു. ഇവരുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പോലിസിനെ സമീപിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് ഹരജിയിൽ പറയുന്നു. സിസ്റ്റർ ലൂസി കളപ്പുര, ഡിസി ബുക്സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കിയായിരുന്നു ഹരജി.

സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് 'കര്‍ത്താവിന്‍റെ നാമത്തില്‍' എന്ന് പേരിട്ട ആത്മകഥയില്‍ സിസ്റ്റർ ലൂസി കളപ്പുര എഴുതിയിരുന്നു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. 

Tags:    

Similar News