ആര്‍എസ്എസിനെതിരേ അമേരിക്കയില്‍ പ്രതിഷേധം; അണിനിരന്ന് സിഖുകാര്‍

Update: 2022-07-21 16:32 GMT

കാലിഫോര്‍ണിയ: ആര്‍എസ്എസിന്റെ അന്താരാഷ്ട്ര ഘടകമായ ഹിന്ദു സ്വയംസേവക് സംഘിനെതിരെ(എച്ച്എസ്എസ്) അമേരിക്കയില്‍ പ്രതിഷേധം. കാലിഫോര്‍ണിയ മാന്റീക്കയിലെ നഗരസഭ കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധത്തില്‍ നിരവധി സിഖുകാരും അണിനിരന്നു.

ആര്‍എസ്എസിനെ അമേരിക്കയില്‍നിന്ന് പുറത്താക്കുക, ആര്‍എസ്എസിനെയും എച്ച്എസ്എസിനെയും ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് നൂറോളം പേര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ജനുവരിയില്‍ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ എച്ച്എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരടക്കം രംഗത്തെത്തിയത്. അമേരിക്കയില്‍ ആര്‍എസ്എസും എച്ച്എസ്എസും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സിഖ് വംശജരും മുസ്‌ലിംകളുമടക്കം നിരവധി ഇന്ത്യക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. എഴുത്തുകാരനും അധ്യാപകനുമായ പീറ്റര്‍ ഫ്രഡറിക് ആണ് പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

അമേരിക്കയില്‍ ഹിന്ദുത്വ പ്രചാരണത്തിനായി മോദി സര്‍ക്കാരും ആര്‍എസ്എസ് അനുബന്ധ സംഘടനകളും നടത്തുന്ന ആസൂത്രിത നീക്കങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മാസങ്ങള്‍ക്ക് മുമ്പ് ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 'ഹിന്ദു നാഷനലിസ്റ്റ് ഇന്‍ഫ്‌ലുവന്‍സ് ഇന്‍ ദ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്' എന്ന പേരില്‍ ഗവേഷകയായ ജസ മാച്ചറാണ് വിശദമായ പഠനം തയാറാക്കിയത്. എച്ച്എസ്എസ് അടക്കമുള്ള വിവിധ ആര്‍എസ്എസ് അനുബന്ധ ചാരിറ്റബിള്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ ഹിന്ദുത്വ പ്രചാരണത്തിനായി രണ്ട് പതിറ്റാണ്ടിനിടെ ആയിരത്തിലേറെ കോടിയാണ് ചെലവിട്ടതെന്ന് ഇതില്‍ പറയുന്നു.

അമേരിക്കയിലടക്കം ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തിനായി 1,231.6 കോടി രൂപയാണ് 2001-2019 കാലയളവില്‍ വിവിധ സംഘ്പരിവാര്‍ അനുബന്ധ ചാരിറ്റബിള്‍ സംഘങ്ങള്‍ ചെലവിട്ടത്. ഈ തുകയുടെ വലിയൊരു ശതമാനം ഇന്ത്യയിലെ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആര്‍എസ്എസിന്റെ അന്താരാഷ്ട്ര ഘടകമായ ഹിന്ദു സ്വയംസേവക് സംഘിന് യുഎസില്‍ 32 സംസ്ഥാനങ്ങളിലും 166 നഗരങ്ങളിലുമായി 222 ശാഖകളുണ്ട്. ഈ ശാഖകളെല്ലാം സജീവമായ പ്രവര്‍ത്തനമാണ് അമേരിക്കയില്‍ നടത്തുന്നതെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: