പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോഴിക്കോട് പൗരാവലിയുടെ മഹാറാലി

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ കോഴിക്കോട്ടുകാരുടെ ശക്തമായ പ്രതിഷേധമായിമാറി മഹാറാലി.

Update: 2020-01-03 15:10 GMT

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെ കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച മഹാറാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ കോഴിക്കോട്ടുകാരുടെ ശക്തമായ പ്രതിഷേധമായിമാറി മഹാറാലി. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും തൊഴിലാളികളും സ്ത്രീകളും റാലിയില്‍ അണിനിരന്നു.

കോഴിക്കോട് കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് വൈകീട്ട് നാലിന് ആരംഭിച്ച റാലി മുതലക്കുളം മൈതാനിയില്‍ അവസാനിച്ചു. മുതലക്കുളം മൈതാനിയില്‍ അവസാനിക്കുമ്പോഴും റാലിയുടെ മറുതല കടപ്പുറത്ത് നിന്ന് അനങ്ങിയിരുന്നില്ല.

സമാപനവേദിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഴുത്തുകാരായ യു എ ഖാദര്‍, കെ പി രാമനുണ്ണി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ.ഖദീജ മുംതാസ്, യു കെ കുമാരന്‍, കെഇഎന്‍ കുഞ്ഞഹമ്മദ്, നടന്‍ മാമുക്കോയ തുടങ്ങിയവരും എംപിമാരായ എം കെ രാഘവന്‍, എം പി വീരേന്ദ്രകുമാര്‍, ബിനോയ് വിശ്വം, എളമരം കരീം, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡപ്യൂട്ടി മേയര്‍ മീര ദര്‍ശക്, രൂപതാ വികാരി ജനറല്‍ ഫാദര്‍ തോമസ് പനയ്ക്കല്‍, സുബ്രഹ്മണ്യന്‍ മൂസത്, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുന്‍ എംഎല്‍എ യു സി രാമന്‍, കെപിസിസി ജനറല്‍ സെക്രട്ടറി പി എം സുരേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News