ഡല്‍ഹി മുസ്‌ലിം വംശീയാതിക്രമം: പോലിസ് അന്വേഷണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍

കഴിഞ്ഞ ആറു മാസമായി സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണയ്ക്കുന്നവരേയും പങ്കെടുത്തവരേയും പോലീസ് വിളിച്ചുവരുത്തി ഉപദ്രവിക്കുകയും നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുന്നതായും അവര്‍ വ്യക്തമാക്കി.

Update: 2020-09-07 04:39 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഡല്‍ഹി പോലിസ് അന്വേഷണം 'ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണ'മാണോ അതോ 'അന്വേഷണം തന്നെ ഗൂഢാലോചന'യാണോ എന്ന ചോദ്യമുയര്‍ത്തി പ്രമുഖ ആക്റ്റീവിസ്റ്റുകള്‍.

ഫെബ്രുവരിയിലുണ്ടായ മുസ്‌ലിം വംശഹത്യാ അതിക്രമത്തില്‍ പോലിസ് അകാരണമായി പ്രതിചേര്‍ത്ത അപൂര്‍വാനന്ദ്, ഹര്‍ഷ് മന്ദര്‍, കവല്‍പ്രീത്, ഉമര്‍ ഖാലിദ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരാണ് പോലിസിന്റെ ഗൂഢ നീക്കങ്ങള്‍ക്കെതിരേ പരസ്യമായി മുന്നോട്ട് വന്നത്. 1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ഡല്‍ഹി കലാപത്തിലെ പോലിസ് അന്വേഷണത്തെക്കുറിച്ച് സിറ്റിങ് ജഡ്ജിയുടേയോ റിട്ടയര്‍ഡ് ജഡ്ജിയോ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണെന്നും അവര്‍ ആവശ്യപ്പെട്ടു.

സിഎഎ / എന്‍ആര്‍സി / എന്‍പിആര്‍ വിരുദ്ധ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍കുടുക്കാന്‍ ഡല്‍ഹി പോലിസ് തുടര്‍ച്ചയായി ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തിളാണ് പോലിസിനെതിരേ ഗൗരവതരമായ ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ ആറു മാസമായി സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണയ്ക്കുന്നവരേയും പങ്കെടുത്തവരേയും പോലീസ് വിളിച്ചുവരുത്തി ഉപദ്രവിക്കുകയും നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുന്നതായും അവര്‍ വ്യക്തമാക്കി. 53 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കലാപത്തിലെ ആസൂത്രകരാക്കി സിഎഎ വിരുദ്ധ ആക്റ്റീവിസ്റ്റുകളെ മാറ്റാന്‍ പോലിസ് ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. തനിക്കെതിരേ പോലിസ് കെട്ടിച്ചമച്ച ഞെട്ടിപ്പിക്കുന്ന വ്യാജതെളിവുകള്‍ ചൂണ്ടിക്കാട്ടി ഉമര്‍ ഖാലിദ് ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.

Tags: