ബിജെപി മതത്തെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് പോപുലര്‍ ഫ്രണ്ട്

രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ബിജെപി മതത്തെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സുപ്രിം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.

Update: 2019-01-30 15:30 GMT

ന്യൂഡല്‍ഹി: രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ബിജെപി മതത്തെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സുപ്രിം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും നടത്തുന്ന പ്രസ്താവനകള്‍ കോടതി വിധിയെ സ്വാധീനിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

കേസ് വൈകുന്നതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രാമക്ഷേത്രത്തിന് അനുകൂലമായി വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. നീതി വൈകുന്നതിലുള്ള ആശങ്കയല്ല അതിന് പിന്നില്‍. മറിച്ച് സുപ്രിംകോടതിയെ വെല്ലുവിളിച്ച് സംഘപരിവാര നേതാക്കള്‍ പലപ്പോഴും നടത്തുന്ന പ്രകോപനപ്രസംഗത്തിന് തുല്യമാണത്.

നീതി വൈകുന്നത് എല്ലാ പൗരന്മാരുടെയും ആശങ്കയാണ്, പ്രത്യേകിച്ച് ബാബരി മസ്ജിദ് തകര്‍ച്ചയില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്. 1949ല്‍ ബാബരി മസ്ജിദിനകത്ത് വിഗ്രഹം സ്ഥാപിച്ചതു മുതലിങ്ങോട്ട് മസ്ജിദ് തകര്‍ത്തതുവരെ മുസ്ലിംകള്‍ക്ക് നീതി വൈകിക്കൊണ്ടിരിക്കുകയായിരുന്നു.

നിയമ മന്ത്രിക്ക് നീതിപീഠത്തില്‍ വിശ്വാസമുണ്ടെന്നറിയുന്നത് സന്തോഷകരമാണ്. എന്നാല്‍, ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ പാര്‍ട്ടിയിലെയും സംഘപരിവാരത്തിലെയും നേതാക്കള്‍ എന്ത് കൊണ്ട് ജുഡീഷ്യറിയില്‍ വിശ്വാസമര്‍പ്പിച്ചില്ലെന്ന് പോപുലര്‍ ഫ്രണ്ട് ചോദിച്ചു. കേസ് സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കേ തന്നെ ബിജെപിയുടെയും സഹ സംഘടനകളുടെയും നേതാക്കള്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുപ്രിം കോടതിക്ക് അനുകൂല വിധി നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ 24 മണിക്കൂറിനകം തങ്ങള്‍ക്ക് രാമക്ഷേത്രം നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തിയത് ഈയിടെയാണ്.

ബാബരിമസ്ജിദ്-രാമക്ഷേത്ര തര്‍ക്കത്തില്‍ ഇപ്പോള്‍ സുപ്രിംകോടതിയുടെ മുന്നിലുള്ളത് ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കമാണ്. അതില്‍ ഏതെങ്കിലും മതത്തിന്റെ വികാരങ്ങള്‍ കണക്കിലെടുത്തല്ല, മറിച്ച് ചരിത്രപരമായ വസ്തുതകളുടെയും ഔദ്യോഗിക രേഖകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കേണ്ടത്. മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പും ശേഷവുമുള്ള സാഹചര്യം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച വിചാരണയില്‍ പരിഗണിക്കേണ്ട കാര്യങ്ങളല്ല.

എല്ലാ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാര്‍ വികസന വിഷയത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ ഒന്നും സമര്‍പ്പിക്കാനില്ലാത്തതിനാല്‍ വികാരം ഇളക്കിവിട്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ട് തട്ടാന്‍ ശ്രമിക്കുകയാണ്. രാമക്ഷേത്ര വിഷയം ഒരു തിരഞ്ഞെടുപ്പ് ആയുധം മാത്രമാക്കി ബിജെപി ഹിന്ദു സമൂദായത്തെ വഞ്ചിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപിയും മറ്റ് സംഘപരിവാര സംഘടനകളും തിരഞ്ഞെടുപ്പ് നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സുപ്രിം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും മുന്നോട്ട് വരണമെന്ന് പോപുലര്‍ ഫ്രണ്ട് സെക്രട്ടറിയേറ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ദിനം വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കും. ഇതോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള പൊതുപരിപാടികള്‍ നടക്കും.

ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി ജിന്ന, ഒഎംഎ സലാം, അനീസ് അഹ്മദ്, കെ എം ശരീഫ്, അബ്ദുല്‍ വാഹിദ് സേട്ട്, ഇ എം അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു 

Tags:    

Similar News