'ഇറാന്‍ സമാധാനം ആഗ്രഹിക്കുന്നു; സ്വയം പ്രതിരോധം അനിവാര്യം': പെസെഷ്‌കിയാന്‍

Update: 2026-04-19 10:35 GMT

തെഹ്‌റാന്‍: ഇറാനികള്‍ സമാധാന പ്രിയരാണെന്നും സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് യുദ്ധം ചെയ്യേണ്ടി വരുന്നതെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാന്‍. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണത്തിനെതിരെ സ്വയം പ്രതിരോധത്തിനായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പെസെഷ്‌കിയാന്‍ പറഞ്ഞു. സമാധാനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും വേണ്ടിയുള്ള തന്റെ രാജ്യത്തിന്റെ പ്രതിബദ്ധത അനിവാര്യമായതാണ്.

സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചാണ് യുഎസും ഇസ്രായേലും ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമലംഘനമാണെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, നിലവിലെ സാഹചര്യത്തില്‍ ഒരു കക്ഷിയെയും ആക്രമിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല, ഞങ്ങള്‍ നിയമപരമായി സ്വയം പ്രതിരോധിക്കുകയാണ്,' പെസെഷ്‌കിയന്‍ പറഞ്ഞതായി ഐഎസ്എന്‍എ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നുവെന്ന് പറയരുത്. ഞങ്ങള്‍ സമാധാനപ്രിയരാണ്, ഞങ്ങള്‍ ചെയ്യുന്നത് നിയമാനുസൃതമായ സ്വയം പ്രതിരോധമാണ്. ഓരോ മനുഷ്യനും ആക്രമണത്തോട് പ്രതികരിക്കുന്നതുപോലെ, ഒരോ രാഷ്ട്രവും ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കുന്നു'. പെസെഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.

Tags: