ശബരിമല: ആര്‍എസ്എസ് അക്രമങ്ങള്‍ക്ക് എതിരായ കേസ് പിന്‍വലിക്കുന്നത് ഹിന്ദുത്വ പ്രീണനമെന്ന് പോപുലര്‍ ഫ്രണ്ട്

ശബരിമലയുമായി ബന്ധപ്പെട്ട ആയിരത്തോളം അക്രമങ്ങളിലും പ്രതിഷേധങ്ങളിലും മുപ്പത്തിമൂവായിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അക്രമങ്ങളില്‍ 150 പോലിസുകാര്‍ക്കടക്കം 302 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Update: 2021-02-24 12:15 GMT

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട 2018ലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയുണ്ടായ കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുന്നത് ആര്‍എസ്എസ് അക്രമങ്ങളെ പ്രോത്സാഹിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സിപിഎം പിന്തുടരുന്ന ഹിന്ദുത്വ പ്രീണനത്തിന്റെ ഭാഗമാണ്. ഇതിനെ ഒരുനിലയ്ക്കും ന്യായീകരിക്കാനാവില്ല.

ശബരിമലയുടെ പേരുപറഞ്ഞ് സംസ്ഥാനത്തുടനീളം നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയ ആര്‍എസ്എസ് അക്രമത്തിലൂടെ 1.45 കോടിയുടെ പൊതുസ്വകാര്യ സ്വത്താണ് നശിപ്പിച്ചത്. ആര്‍എസ്എസിനെ തലോടുന്ന സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ വിമര്‍ശനം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് തൂക്കമൊപ്പിക്കാനാണ് സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസും പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടേയും ഹര്‍ത്താലിന്റേയും മറവില്‍ കേരളത്തിലുടനീളം വ്യാപകമായ അക്രമങ്ങളും നാശനഷ്ടങ്ങളുമുണ്ടായി. ബോംബേറും പോലിസ് സ്‌റ്റേഷന്‍ ആക്രമണങ്ങളും കലാപാഹ്വാനങ്ങളും ബസ്സുകള്‍ കത്തിക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങളും അരങ്ങേറി. ശബരിമലയുമായി ബന്ധപ്പെട്ട ആയിരത്തോളം അക്രമങ്ങളിലും പ്രതിഷേധങ്ങളിലും മുപ്പത്തിമൂവായിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അക്രമങ്ങളില്‍ 150 പോലിസുകാര്‍ക്കടക്കം 302 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹര്‍ത്താല്‍, വഴിതടയന്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലിസ് ചുമത്തിയിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ട്ബാങ്ക് മാത്രം ലക്ഷ്യമിട്ട് എന്‍എസ്എസ് ഉള്‍പ്പടെയുള്ള സവര്‍ണ വിഭാഗങ്ങളെ പ്രീണിപ്പിക്കാനും സംഘപരിവാരത്തിന് തണലൊരുക്കാനുമുള്ള സര്‍ക്കാര്‍ നീക്കം ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത് ഗൗരവതരമാണെന്നും എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: