ആര്‍എസ്എസിന്റെ കലാപാഹ്വാനം: കേരളത്തെ തടവിലാക്കാനുള്ള നീക്കത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2022-01-05 12:27 GMT

കോഴിക്കോട്: ആര്‍എസ്എസ് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പൊതുസമൂഹവും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാര്‍ അക്രമിസംഘങ്ങളുടെ കലാപാഹ്വാനം തടഞ്ഞ് സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണം.

രാജ്യവിരുദ്ധതയുടേയും ഭീകരതയുടേയും പേരിലാണെങ്കില്‍ സംഘപരിവാരവും കെ സുരേന്ദ്രനും പ്രകടനം നടത്തേണ്ടത് ആര്‍എസ്എസ് കാര്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള സ്വന്തം ഓഫിസുകളിലേക്കാണ്. എണ്ണമറ്റ കലാപങ്ങളുടേയും കൊലപാതകങ്ങളുടേയും മാത്രമല്ല; കള്ളപ്പണവും ഹവാലയും ആയുധക്കടത്തും ഉള്‍പ്പടെയുള്ള മുഴുവന്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങളുടേയും ആകെത്തുകയാണ് ആര്‍എസ്എസും ബിജെപിയും.

ആര്‍എസ്എസിന്റെ കലാപാഹ്വാനം കേവലമൊരു ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം കാണേണ്ട പ്രശ്‌നമല്ല. അവരുടെ അടിസ്ഥാന ആശയം തന്നെ ഹിംസയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തോളമുള്ള ആര്‍എസ്എസിന്റെ ചരിത്രാനുഭവം അതാണ്. കലാപങ്ങളിലൂടെ മാത്രം വളരുകയും നിലനില്‍ക്കുകയും ചെയ്യുന്ന ലക്ഷണമൊത്ത ഭീകര സംഘടനയാണ് ആര്‍എസ്എസ്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരെ നിതാന്ത ജാഗ്രതയാണ് വേണ്ടത്.

ഇന്ത്യയില്‍ ആര്‍എസ്എസ് മുസ്‌ലിം വംശഹത്യയ്ക്ക് തയ്യാറെടുക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച് കൂട്ടക്കൊലയ്ക്ക് ആര്‍എസ്എസ് തയ്യാറെടുക്കുന്നതായുള്ള അന്താരാഷ്ട്ര പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ അതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സര്‍ക്കാര്‍ കാര്യക്ഷമമായി നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

രാഷ്ട്ര നിര്‍മിതിക്ക് ഗുണകരമായ ഒരു സംഭാവനയും പറയാനില്ലാത്ത, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ഹിന്ദുത്വ ആശയം പേറുന്ന ആര്‍എസ്എസിനെ തുറന്നു കാട്ടേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ പൗരന്റേയും കടമയാണ്. രഹസ്യ സര്‍ക്കുലര്‍ നല്‍കി സംസ്ഥാന വ്യാപകമായി ആക്രമണത്തിന് പദ്ധതിയിട്ട ആര്‍എസ്എസ് കേരളത്തെ ഒന്നാകെ ബന്ധിയാക്കാനുള്ള ശ്രമത്തിലാണ്. വിദ്വേഷത്തിലൂടെയും അക്രമത്തിലൂടെയും വര്‍ഗീയ വിഭജനം തീര്‍ത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരെ പൊതുജനങ്ങള്‍ രംഗത്തിറങ്ങണം.

ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് മുമ്പില്‍ കേരള ജനത തോറ്റുപോകരുത്. ഇന്റലിജന്‍സ് റിപോര്‍ട്ട് തന്നെ വന്ന സാഹചര്യത്തില്‍ കേരളത്തിലെ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് ആയുധങ്ങള്‍ കണ്ടെടുക്കാനും ക്രിമിനലുകളായ ആര്‍എസ്എസ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത് നാടിന്റെ സമാധാനം ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: