അമേരിക്കയുടെ ഭീഷണിക്കു മുമ്പില്‍ ഇന്ത്യ കീഴടങ്ങരുത്: പോപുലര്‍ ഫ്രണ്ട്

അമേരിക്ക അടക്കം ലോകത്ത് സഹായം അനിവാര്യമായ ഏത് ജനതക്കും സാധ്യമായ നിലയില്‍ അത് എത്തിക്കാന്‍ ഇന്ത്യ തയ്യാറാവണം. അതേസമയം, അമേരിക്കന്‍ ഭീഷണിക്കു മുമ്പിലും രാജ്യത്തിന്റെ പരമാധികാരത്തെ അവഹേളിക്കുന്ന ഒരു ശക്തിക്കു മുമ്പിലും മുട്ടുമടക്കുകയോ കീഴടങ്ങുകയോ ചെയ്യരുത്.

Update: 2020-04-07 16:33 GMT

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി ഭീഷണി മുഴക്കിയതിനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ് അപലപിച്ചു.

സ്വന്തം പൗരന്‍മാരുടെ ക്ഷേമവും സുരക്ഷയും ഏതൊരു പരമാധികാര രാഷ്ട്രത്തിനും വളരെ പ്രധാനമാണ്. മരുന്നുകളടക്കം ചില സാധനങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരു രാജ്യത്തിന്റെ ആഭ്യന്തര സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍, പരിഷ്‌കൃത ലോകത്തിന് അത് മാനിക്കാന്‍ ബാധ്യതയുണ്ട്. ആവശ്യം വരുമ്പോള്‍, മനുഷ്യത്വത്തിന്റെ പേരില്‍ രാജ്യങ്ങള്‍ പരസ്പരം സഹായിക്കുകയെന്നത് സ്വാഭാവികമാണ്. അനവധി പതിറ്റാണ്ടുകളായി ഇക്കാര്യത്തില്‍ മഹത്തായ മാതൃക കാഴ്ചവച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. മലേറിയ രോഗത്തിനുള്ള സുപ്രധാന ഔഷധമായ ഹൈഡ്രോക്‌സി ക്ലോറോക്യുന്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറാവാത്ത പക്ഷം ഇന്ത്യക്കെതിരേ തിരിച്ചടി പരിഗണിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ഭീഷണിയാണ്.

അമേരിക്ക അടക്കം ലോകത്ത് സഹായം അനിവാര്യമായ ഏത് ജനതക്കും സാധ്യമായ നിലയില്‍ അത് എത്തിക്കാന്‍ ഇന്ത്യ തയ്യാറാവണം. അതേസമയം, അമേരിക്കന്‍ ഭീഷണിക്കു മുമ്പിലും രാജ്യത്തിന്റെ പരമാധികാരത്തെ അവഹേളിക്കുന്ന ഒരു ശക്തിക്കു മുമ്പിലും മുട്ടുമടക്കുകയോ കീഴടങ്ങുകയോ ചെയ്യരുത്.

നിര്‍ഭാഗ്യവശാല്‍, ഭീഷണിക്കു തൊട്ടുപിന്നാലെ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടുവെന്ന് തോന്നുംവിധത്തില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരിക്കുകയാണ്. ഭീഷണിക്കെതിരേ രാജ്യത്തിന്റെ ശക്തമായ നിലപാട് ലോകത്തിനു മുമ്പില്‍ പ്രതിഫലിപ്പിക്കുന്ന ഒരു പ്രസ്താവന ഇറക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോടും കേന്ദ്ര സര്‍ക്കാരിനോടും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നു. 

Tags:    

Similar News